കഴിഞ്ഞ ആറ് മാസത്തിനിടെ തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 190 ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം പണം നഷ്ടപ്പെട്ടത് ട്രേഡിങ് തട്ടിപ്പിലൂടെയാണ്
തൃശൂര്‍: കഴിഞ്ഞ ആറ് മാസത്തിനിടെ തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 190 ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍. ഇതുവഴി 15,76,35,002 രൂപ തട്ടിയെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം പണം നഷ്ടപ്പെട്ടത് ട്രേഡിങ് തട്ടിപ്പിലൂടെയാണ്. 9.32 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേനെയുള്ള തട്ടിപ്പിലൂടെ 1.56 കോടി രൂപയും നിക്ഷേപ തട്ടിപ്പിലൂടെ 1.52 കോടി രൂപയും തട്ടിയെടുത്തുവെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, 9.50 ലക്ഷം രൂപ മാത്രമാണ് പൊലീസിന് തിരിച്ചുപിടിക്കാന്‍ സാധിച്ചത്.
വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ലിങ്കുകള്‍ വഴിയുള്ള തട്ടിപ്പാണ് ഏറ്റവുമധികം (31). ഷെയര്‍ മാര്‍ക്കറ്റ് പോലുള്ള വ്യാപാര ഇടപാട് മുതലാക്കിയുള്ള ട്രേഡിങ് തട്ടിപ്പ് (30), ഒ.ടി.പി നമ്പര്‍ കൈക്കലാക്കിയുള്ള ഒ.ടി.പി തട്ടിപ്പ് (29) എന്നിവയാണ് പിന്നീട് വരുന്നത്.അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാജ ഫോണ്‍/വിഡിയോ കോളിലൂടെ കബളിപ്പിക്കുന്ന ആള്‍മാറാട്ടം, സമ്മാനങ്ങള്‍ ലോട്ടറി എന്നിവയില്‍ ആകര്‍ഷിപ്പിക്കുന്ന ഗിഫ്റ്റ് തട്ടിപ്പ്, വ്യാജ അക്കൗണ്ട് തട്ടിപ്പ്, ഗൂഗ്ള്‍ പേ തട്ടിപ്പ്, വായ്പ ആപ്പ് തട്ടിപ്പ് എന്നീ രീതികളിലും പണം നഷ്ടപ്പെടുന്നതായി പൊലീസ് പറയുന്നു.