വാട്ടർ അതോറിട്ടി കരാറുകാർ സമരത്തിൽ
ഒന്നര കൊല്ലമായി കുടിശിക വിതരണം ചെയ്യാത്തതിനെതിരെ കേരള വാട്ടർ അതോറിട്ടി കരാറുകാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു
ആലുവ: ഒന്നര കൊല്ലമായി കുടിശിക വിതരണം ചെയ്യാത്തതിനെതിരെ കേരള വാട്ടർ അതോറിട്ടി കരാറുകാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ 15 മുതൽ വാട്ടർ അതോറിട്ടി കോൺട്രാക്ട്‌ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.അടങ്കലുകൾ പരിഷ്‌കരിക്കാതെയും പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ നടപ്പാക്കിയിരിക്കുന്ന അശാസ്ത്രീയ നടപടികൾ പിൻവലിക്കുക, ജൽജീവൻ മിഷൻ വർക്കുകളിൽ വന്നിട്ടുള്ള ഭീമമായ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി ചീഫ് എൻജിനീയർ ഓഫീസിന് മുന്നിൽ കരാറുകാർ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണംപള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ആർ. സത്യൻ അദ്ധ്യക്ഷനായി. ശ്രീജിത്ത് ലാൽ, ബാബു തോമസ്, പോളി വർഗീസ്, എം.യു. ജോണി, അനിൽ രാജ്, സിബി സേവ്യർ എന്നിവർ സംസാരിച്ചു. 2023 സെപ്തംബർ മാസത്തിൽ കുടിശിക മുഴുവൻ തീർക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്നും സമരക്കാർ ആരോപിച്ചു.