കാറ്റ്, മഴ: കോട്ടയത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വ്യാപക നാശനഷ്ടം
കഴിഞ്ഞദിവസം പുലര്‍ച്ചെ മുതല്‍ ഒറ്റപ്പെട്ട കനത്തമഴയാണ് ജില്ലയില്‍ പരക്കെ പെയ്തത്.
കോട്ടയം: അതിശക്തമായ കാറ്റിലും മഴയിലും കോട്ടയത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വ്യാപക നാശനഷ്ടം. മഴയ്ക്കൊപ്പമെത്തിയ കാറ്റാണു നാശം വിതച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മുതല്‍ ഒറ്റപ്പെട്ട കനത്തമഴയാണ് ജില്ലയില്‍ പരക്കെ പെയ്തത്.വൈകുന്നേരത്തോടെ മഴ ശക്തിപ്പെട്ടു. ചങ്ങനാശേരി, പാലാ, കറുകച്ചാല്‍, പ്രവിത്താനം, ഐങ്കൊമ്പ്, വെച്ചൂര്‍ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.ജില്ലയില്‍ ആകെ 25 മരങ്ങള്‍ കടപുഴകി. മഴക്കെടുതിയില്‍ 16 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.മുട്ടമ്പലത്ത് റോഡിലേക്ക് വന്‍ മരം കടപുഴകി. ചിങ്ങവനത്ത് വീടിനു മുകളിലേക്കു മരം വീണു വീടുതകര്‍ന്നു. കറുകച്ചാല്‍ നെത്തല്ലൂരില്‍ ചമ്പക്കര പള്ളിക്കു സമീപം വന്‍ മരം മറിഞ്ഞ് സ്കൂട്ടര്‍ യാത്രികനു മേല്‍ പതിച്ചു. യാത്രക്കാരന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വൈക്കം വെച്ചൂരില്‍ പാടശേഖരത്തിന്റെ മോട്ടോർപ്പുരയുടെ മേല്‍ക്കൂര പറന്ന് ആറ്റില്‍ പതിച്ചു.