റോസ്ഗർ മേളയിൽ വെച്ച് കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച 61 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രം കൈമാറി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശം വഴി രാജ്യത്തെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു.
ഓരോ ഉദ്യോഗാർത്ഥിയുടെയും ജോലി നിയമനം കുടുംബത്തെയും രാജ്യത്തെയും സേവിക്കാനുള്ള അവസരമാണെന്നും വികസിത ഭാരതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ. തിരുവനന്തപുരത്ത് തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോസ്ഗർ മേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ വെച്ച് നടന്ന പരിപാടിയിൽ കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട 61 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രങ്ങൾ കൈമാറി. കേരളാ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ജെ ടി വെങ്കടേശ്വരലു, ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസസ് ആന്റണി ജോർജ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
രാജ്യത്തെ 40 ഇടങ്ങളിലായി ഇന്ന് സംഘടിപ്പിച്ച 17-ാമത് റോസ്ഗർ മേളയിലൂടെ 51,000ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രങ്ങൾ കൈമാറി. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും വീഡിയോ കോൺഫറൻസിങ്ങിലൂടെ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു.
പുതിയ നിയമനത്തിൽ ഉദ്യോഗാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ശ്രീ ജോർജ് കുര്യൻ അഭിനന്ദിച്ചു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും വികസന യാത്രയിൽ എല്ലാവരുടെയും പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ഉദ്യോഗാർത്ഥികളോടായി പറഞ്ഞു. ഓരോ വ്യക്തിയുടെയും കുടുംബത്തിൻ്റെയും വരുമാനം വർധിക്കണമെന്നും ഓരോരുത്തരും വികസിക്കണമെന്നും അങ്ങനെ ഭാരതം 2047 ൽ വികസിത രാജ്യമായി മാറുക തന്നെ ചെയ്യുമെന്നും ശ്രീ ജോർജ് കുര്യൻ എടുത്തുപറഞ്ഞു. ''രണ്ടു വർഷം കൊണ്ട് 10 ലക്ഷം പേർക്ക് ജോലി കൊടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ അത് ലോകത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു. കഴിഞ്ഞ തവണ സംഘടിപ്പിച്ച റോസ്ഗാർ മേളയുടെ പതിനാറാം പതിപ്പിൽ തന്നെ ഈ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്നത് 10 ലക്ഷവും മറികടന്നിരിക്കുന്നു'' - കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക ശക്തി എന്ന നിലയിൽ രാജ്യം ഇന്ന് നാലാം സ്ഥാനത്താണെന്നും ജിഡിപിയുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ സമ്പത്ത് വർധിച്ചിട്ടുണ്ടെന്നും എടുത്തുപറഞ്ഞ മന്ത്രി, അത് ഓരോ കുടുംബത്തിലേക്കും വ്യക്തികളിലേക്കും എത്തണമെന്നും അങ്ങനെ നാം പിന്നാക്കം നിൽക്കുന്ന പ്രതിശീർഷ വരുമാനത്തിൽ വർധന ഉണ്ടാകണമെന്നും പറഞ്ഞു. ''ജിഡിപിയിലൂടെ ഉണ്ടായ വളർച്ച ഒരു സ്വർണ്ണ ഗോളം പോലെയാണ്. ഈ വളർച്ച 140 കോടി ജനങ്ങളുടെയും പരിശ്രമത്തിന്റെ ഫലമാണ്. അതുകൊണ്ടാണ് ഈ സ്വർണ ഗോളത്തിന്റെ ഓരോ തുള്ളിയും ഓരോ പദ്ധതികളായി കേന്ദ്ര ഗവൺമെന്റ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. അതിന്റെ ഭാഗമാണ് റോസ്ഗാർ മേളയും.'' - ശ്രീ ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
കേരളാ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ജെ ടി വെങ്കടേശ്വരലു ചടങ്ങിൽ വെച്ച് കേന്ദ്ര സഹമന്ത്രിക്ക് ഉപഹാരം കൈമാറി. ഇന്ത്യൻ റെയിൽവേ, VSSC, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, CRPF, CISF, EPFO, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, DOP എന്നിങ്ങനെ വിവിധ വകുപ്പുകളിലെ ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രങ്ങൾ ലഭിച്ചു.


