വയനാട്ടിലുണ്ടായത് ഭൂചലനമല്ല, പ്രകമ്പനം; സ്ഥിരീകരിച്ച് നാഷണല്‍ സീസ്‌മോളജി സെന്റര്‍
What happened in Wayanad was not an earthquake, but a tremor; Confirmed by National Seismology Center
കൽപ്പറ്റ: വയനാട് ജില്ലയിലുണ്ടായ ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്‌ദ്ധർ. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണൽ സീസ്‌മോളജിക്കൽ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വിദഗ്‌ദ്ധർ പറഞ്ഞു.
വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രകമ്പനം ഉണ്ടായതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിശദീകരിച്ചു. പ്രദേശത്ത് നിലവില്‍ ഭൂകമ്പ സൂചനകള്‍ ഒന്നും തന്നെ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
വയനാടിന് പുറമെ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലും ഭൂമികുലുക്കത്തിനു സമാനമായ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പാലക്കാട് എടത്തനാട്ടുകര, കുഞ്ഞുകുളം, ഒറ്റപ്പാലം എന്നിവിടങ്ങളിലും മലപ്പുറത്ത് എടപ്പാളിലും ഇടിമുഴക്കത്തിന് സമാനമായ ശബ്ദം കേട്ടതായാണ് നാട്ടുകാർ അറിയിക്കുന്നത്. വയനാട് ജില്ലയിലെ ചിലഭഗങ്ങളിൽ രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു മിനിറ്റിനിടെ രണ്ട് തവണ ശബ്ദം കേട്ടതായും പ്രകമ്പനം അനുഭവപ്പെട്ടതായുമാണ് വിവരം. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.