തീരദേശ നിയന്ത്രണ മേഖല ഭേദഗതി; സംസ്ഥാനപാത ഉപരോധിച്ച് സമരം
വീട് വയ്ക്കാനോ, വീട് പുതുക്കിപ്പണിയുന്നതിനോ കഴിയാത്ത അവസ്ഥയിൽ എത്രയും വേഗത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് തീരദേശ ജനതയുടെ സമരം.
കൊച്ചി: കേരളത്തിലെ തീരദേശ ജനതയ്ക്ക് വീട് നിർമാണത്തിന് പെർമിറ്റ് നൽകാൻ കഴിയുന്ന തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്.) ഭേദഗതികളും വിജ്ഞാപനങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടും കേരളത്തിൽ നടപ്പിലാക്കാത്തതിനെ തുടർന്ന് എടവനക്കാട്-വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാന പാത ഉപരോധിച്ച് സമരം. വീട് വയ്ക്കാനോ, വീട് പുതുക്കിപ്പണിയുന്നതിനോ കഴിയാത്ത അവസ്ഥയിൽ എത്രയും വേഗത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് തീരദേശ ജനതയുടെ സമരം.പ്രദേശത്തെ 120ഓളം കുടുംബങ്ങളിൽ നിന്നുള്ള അറുപതോളം പേരാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. സംസ്ഥാന പാത ഉപരോധിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.ലൈഫ് പദ്ധതിയുൾപ്പെടെ ആനുകൂല്യങ്ങൾ ലഭിച്ചവരാണ് തീരദേശത്ത് താമസിക്കുന്നവർ. എന്നാൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ മൂലം സ്വന്തം സ്ഥലത്ത് വീട് വെച്ച് താമസിക്കുന്നതിനോ പുതുക്കി പണിയുന്നതിനോ കഴിയാത്ത സാഹചര്യമാണുള്ളത്. സി ആർ ഇസെഡ് 3ബി വിഭാഗത്തിലാണ് എടവനക്കാട് പഞ്ചായത്ത്. ഇവിടെ കടൽതീരത്തുനിന്നും 200 മീറ്ററിനുള്ളിൽ നിർമ്മാണപ്രവർത്തനം അനുവദനീയമല്ല. ചെമ്മീൻ കെട്ടുകളുടേയും പൊക്കാളിപ്പാടങ്ങളുടെയും 50 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മാണം അനുവദിക്കൂ. എന്നാൽ മറ്റ് പഞ്ചായത്തുകളിലേക്കെത്തുമ്പോൾ സ്ഥിതിയിൽ മാറ്റം വരാറുണ്ട്.തീരസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരേ നിയമമാണ് രാജ്യം മുഴുവൻ നിലനിൽക്കുന്നത്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കുകയോ നിയമത്തിലെ ചില അപാകതകൾ പരിഹരിക്കുന്നതിന് അധികൃതർ വേണ്ട ജാഗ്രത കാട്ടുകയോ ചെയ്യുന്നില്ല. ഇതോടെ തീരദേശത്ത് താമസിക്കുന്നവർക്ക് സ്വന്തമായി അടച്ചുറപ്പുള്ള കെട്ടിടമെന്ന ആവശ്യം സഫലമാകാത്ത സാഹചര്യമാണുള്ളത്.