മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ വാഹനവുമായി ഇനി റോഡിലേക്ക് ഇറങ്ങിയാല്‍ പിടിവീഴും

Dec 30, 2024
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ വാഹനവുമായി ഇനി റോഡിലേക്ക് ഇറങ്ങിയാല്‍ പിടിവീഴും

മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ വാഹനവുമായി ഇനി റോഡിലേക്ക് ഇറങ്ങിയാല്‍ പിടിവീഴും. ഗതാഗത നിയമലംഘനം തടയാന്‍ പോലീസുമായി സഹകരിച്ച്‌ വാഹന പരിശോധന ഊര്‍ജിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈബീം ലൈറ്റുകള്‍, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്‌സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന പരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയമല്ലാത്തതുമായ ലൈറ്റുകള്‍ ഘടിപ്പിച്ചതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയര്‍ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്‌നസ് ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. 5,000 രൂപ വരെ പിഴ അനധികൃത ഫിറ്റിംഗായി എയര്‍ഹോണ്‍ ഉപയോഗിച്ചാല്‍ 5,000 രൂപ വരെയാണ് പിഴ. വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുവെച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും. ട്രിപ്പിള്‍ റൈഡിംഗ്, സ്റ്റണ്ടിംഗ് എന്നിവ കാണുകയാണെങ്കില്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്യുന്ന ഉള്‍പ്പെടെയുള്ള നടപടികളെടുക്കും. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വര്‍ണ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ അഴിച്ചുമാറ്റിയതിന് ശേഷം മാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂ.