മെഡിക്കൽ കോളേജുകൾക്കും സേവന മികവിനുള്ള പുരസ്‌കാരം ഏർപ്പെടുത്തും: മന്ത്രി വീണാ ജോർജ്
അനേകായിരം പേർക്കാണ് ദിവസവും വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകുന്നത്. ആ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ സ്ഥാപനങ്ങളെ പോലെ മെഡിക്കൽ കോളേജുകൾക്കും സേവന മികവിനുള്ള പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ മെഡിക്കൽ കോളേജുകളിലും വലിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കൂടാതെ അനേകായിരം പേർക്കാണ് ദിവസവും വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകുന്നത്. ആ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന അനുമോദന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ആരോഗ്യ രംഗത്ത് ഗവേഷണത്തിന് അനന്ത സാധ്യതകളാണുള്ളത്. അത് മുന്നിൽ കണ്ട് ഗവേഷണത്തിന് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. ഗവേഷണത്തിന് പൊതു അന്തരീക്ഷം ഒരുക്കും. സംസ്ഥാനത്തിന് സ്വന്തമായി ഗവേഷണ നയം രൂപീകരിക്കാൻ തീരുമാനിച്ചു. ഗവേഷണത്തിനുള്ള അനുമതി ഏകജാലകം വഴി ലഭ്യമാക്കാനുള്ള ശ്രമം നടത്തും. ഏറ്റവും നല്ല ഗവേഷണത്തിന് റിവാർഡ് നൽകും.
തുടർച്ചയായി രണ്ടാം വർഷവും ദേശീയ റാങ്കിംഗ് പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജും ദന്തൽ കോളേജും ഉൾപ്പെട്ടത് അഭിമാനകരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തുകയാണ്. രാജ്യത്തെ മികച്ച മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെടുന്നത്. കഠിനാധ്വാനത്തിന്റേയും സമർപ്പണത്തിന്റേയും പരിണിതഫലമാണ് മെഡിക്കൽ കോളേജിന് ലഭിച്ച അംഗീകാരം.
കേരളത്തിലെ ദന്തൽ ചികിത്സ ഗുണമേന്മയുള്ളതും ലാഭകരമാണെന്നുമാണ് വിദേശത്തുള്ളവരുടെ വിലയിരുത്തിൽ. ആ സാധ്യത മുന്നിൽ കണ്ട് കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനേയും ദന്തൽ കോളേജിനേയും ആദ്യ ഘട്ട ഹെൽത്ത് ഹബ്ബ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖല വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ അതിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. മലപ്പുറത്ത് തിരിച്ചറിയാതെ പോകുമായിരുന്ന നിപ തിരിച്ചറിഞ്ഞത് ഒരു ഉദാഹരണമാണ്. ലോകത്തിന് മുമ്പിൽ കേരളം വലിയ മാതൃകയാണ്. സമർപ്പിതമായി സേവനമനുഷ്ഠിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ഡ്രഗ് ഫോർമുലറി മന്ത്രി പ്രസിദ്ധീകരിച്ചു. കേരളത്തിൽ ഏറ്റവും സാധാരണമായി ഉപയോഗത്തിലുളള മരുന്നുകളുടെ വിശദവിവരങ്ങൾ സംഗ്രഹിച്ചിട്ടുളള ഒരു റഫറൻസ് പ്രമാണമാണ് ഡ്രഗ് ഫോർമുലറി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. ബീന വി.ടി., സ്‌പെഷ്യൽ ഓഫീസർ ഡോ. ടി.കെ. പ്രേമലത, ഡ്രഗ് ഫോർമുലറി കമ്മിറ്റി ചെയർമാൻ ഡോ. എം. നരേന്ദ്രനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ്, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഹർഷകുമാർ കെ., മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു എന്നിവർ സംസാരിച്ചു.