ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി
ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്.

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.
അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.
വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്.
ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ് ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.
എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.