പോലീസിൽ പരാതി നൽകാൻ ക്യുആർ കോഡ് സംവിധാനം നടപ്പിലാക്കും: മുഖ്യമന്ത്രി
മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനകർമം

മുണ്ടക്കയം: ബഹുജനങ്ങൾക്ക് പോലീസിൽ പരാതി കൊടുക്കുന്നതിന് ക്യുആർ കോഡ് സംവിധാനം നടപ്പിലാക്കുമെന്നും ചാർജ് ഷീറ്റ് ഓൺലൈനായി സമർപ്പിക്കുന്നതും ഉൾപ്പെടെ വിവര സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ പോലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനകർമം ഓൺലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപി മനോജ് ഏബ്രഹാം, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ, എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ എന്നിവർ ഓൺലൈനിലും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈഎസ്പി എം. അനിൽകുമാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ നേരിട്ടും ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, പഞ്ചായത്ത് മെംബർ സി.വി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
2.10 കോടി ചെലവിൽ മൂന്നുനിലകളിലായി 7,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് മുണ്ടക്കയത്ത് നിർമിക്കുന്നത്.