പട്ടികജാതി-വർഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളും വികസനവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും - മന്ത്രി ഒ.ആർ. കേളു

ഒക്ടോബർ മുതൽ എല്ലാ മാസവും ഓൺലൈനായി അവലോകനം നടത്തും.

Sep 5, 2024
പട്ടികജാതി-വർഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും  അടിസ്ഥാനസൗകര്യങ്ങളും വികസനവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും - മന്ത്രി ഒ.ആർ. കേളു
SCST DEVELOPMENT

കോട്ടയം: പട്ടികജാതി-വർഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെയും ക്ഷേമവും ഈ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനവും ഉറപ്പാക്കാനുള്ള പദ്ധതിപ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ഇതിനായി പുതിയ കർമപദ്ധതികൾ നടപ്പാക്കുമെന്നും പട്ടികജാതി-പട്ടികവർഗ - പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.

ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫ്രൻസ് ഹാളിൽ ഇതുമായി ബന്ധപ്പെട്ടു നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട ചില  പട്ടികവർഗനഗറിലും സങ്കേതത്തിലും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അവ സംബന്ധിച്ച റിപ്പോർട്ട് ശേഖരിച്ച്, എല്ലായിടത്തും കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, അവിടങ്ങളിൽ വാഹനം എത്താനുള്ള സൗകര്യവും ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കോർപ്പസ് ഫണ്ടിൽ നിന്നോ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നോ ഇതിനുള്ള തുക കണ്ടെത്തുന്നത് പരിശോധിക്കും.  ആവശ്യമായ തുടർനടപടി സ്വീകരിക്കാൻ മന്ത്രി  ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.

വികസന-ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയോജകമണ്ഡലാടിസ്ഥാനത്തിൽ അവലോകനം ചെയ്യാനുള്ള  കമ്മിറ്റികൾ കൃത്യമായി യോഗം ചേരണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
കർമപദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതിൻ്റെ അത്യാവശ്യം ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള മാർഗനിർദ്ദേശങ്ങളിലെ അവ്യക്തതയും മറ്റും പരിഹരിച്ച് പുതിയ സർക്കാർ ഉത്തരവ് വൈകാതെ പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാവർക്കും ഭൂമിയും അതിൻ്റെ രേഖയും റേഷൻ കാർഡും ബാങ്ക് പാസ് ബുക്കും ലഭ്യമാക്കും.  നൂറുദിന കർമപദ്ധതിയിൽ പൂർത്തിയാക്കാനുള്ളവയ്ക്ക് പ്രാധാന്യം നൽകണം. കോട്ടയം നഗരസഭ 31-ാം -വാർഡിലെ ചിങ്ങവനം പുത്തൻതോട്ടിൽ ചതുപ്പിൽ താമസിക്കുന്ന 31  കുടുംബങ്ങളെ സുരക്ഷിതമാക്കാൻ പദ്ധതി തയ്യാറാക്കുമെന്നു വ്യക്തമാക്കിയ മന്ത്രി നിലവിലുള്ള എല്ലാ പദ്ധതികളും  വേഗത്തിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്   നിർദ്ദേശം നൽകി.

സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവൻ യോഗത്തിൽ  അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തി.

എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, സി.കെ. ആശ, അഡ്വ. ജോബ്  മൈക്കിള്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, പട്ടികവർഗ വികസനവകുപ്പ് ഡയറക്ടര്‍ രേണു രാജ്, പിന്നാക്കക്ഷേമ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ജി. സിദ്ധാർത്ഥൻ, പട്ടികജാതി വികസന വകുപ്പ് ചീഫ്  പ്ലാനിങ് ഓഫീസർ എം. ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ,  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്ക ക്ഷേമവകുപ്പുകളുടെ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എല്ലാ ജില്ലകളിലും  അവലോകനം നടത്തി വരുന്നതിൻ്റെ ഭാഗമായായിരുന്നു കോട്ടയത്തെ യോഗം. ഒക്ടോബർ മുതൽ എല്ലാ മാസവും ഓൺലൈനായി അവലോകനം നടത്തും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.