നഴ്സിങ് കോളേജുകളുടെ അംഗീകാരം തുടരും
സ്വകാര്യ കോളേജുകൾക്കുള്ള നഴ്സിങ് കൗൺസിൽ അഫിലിയേഷൻ കഴിഞ്ഞ വർഷത്തിന് സമാനമായി തുടരാൻ തീരുമാനം. പ്രവേശനത്തിന് അധികസമയം ഇല്ലാത്തതിനാലാണ് നഴ്സിങ് കൗൺസിലിന്റെ പരിശോധനയില്ലാതെ അഫിലിയേഷൻ നൽകാൻ തീരുമാനിച്ചത്.
ബുധനാഴ്ച മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന മാനേജ്മെന്റുകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. എല്ലാ കോളേജുകൾക്കും അഫിലിയേഷൻ പുതുക്കി നൽകാനുള്ള തീരുമാനമെടുക്കാൻ കൗൺസിൽ രജിസ്ട്രാറെ യോഗം ചുമതലപ്പെടുത്തി. വ്യാഴാഴ്ച ചേരുന്ന നഴ്സിങ് കൗൺസിൽ യോഗം ഇതിന് അനുമതി നൽകും.
നഴ്സിങ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ എൽബിഎസ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങൾ ജിഎസ്ടി ഒടുക്കണമെന്ന നിർദേശത്തിൽ ഇളവ് തേടാമെന്നും മന്ത്രി മാനേജ്മെന്റുകൾക്ക് ഉറപ്പുനൽകി. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. 2017 മുതലുള്ള ജിഎസ്ടി അടയ്ക്കാമെന്ന് മാനേജ്മെന്റുകൾ 200 രൂപ മുദ്രപത്രത്തിൽ സമ്മതപത്രം നൽകണമെന്ന ആരോഗ്യസർവകലാശാലയുടെ ആവശ്യം ഒഴിവാക്കാനും യോഗത്തിൽ ധാരണയായി.