ജൂണ്‍ ആദ്യവാരംമുതല്‍ ചൂലനൂര്‍ മയില്‍സങ്കേതത്തില്‍ ആദ്യമായി ട്രക്കിങ് ആരംഭിക്കും
ചിലമ്പത്തൊടി, ആനടിയന്‍പാറ, വാച്ച്ടവര്‍, ആയക്കുറുശ്ശി എന്നിങ്ങനെ നാല് ട്രക്കിങ്ങുകളാണ് വനംവകുപ്പ് ഒരുക്കിയിട്ടുള്ളത്,
പാലക്കാട് : ജൂണ്‍ ആദ്യവാരംമുതല്‍ ചൂലനൂര്‍ മയില്‍സങ്കേതത്തില്‍ ആദ്യമായി ട്രക്കിങ് ആരംഭിക്കും.ചിലമ്പത്തൊടി, ആനടിയന്‍പാറ, വാച്ച്ടവര്‍, ആയക്കുറുശ്ശി എന്നിങ്ങനെ നാല് ട്രക്കിങ്ങുകളാണ് വനംവകുപ്പ് ഒരുക്കിയിട്ടുള്ളത്. രണ്ടുമണിക്കൂറില്‍ രണ്ടുകിലോമീറ്റര്‍ യാത്രയുള്ള ചിലമ്പത്തൊടി ട്രക്കിങ്ങിന് ആറുപേര്‍ക്ക് 600 രൂപയാണ് നല്‍കേണ്ടത്. നാലുകിലോമീറ്റര്‍ മൂന്നുമണിക്കൂറില്‍ യാത്രയാണ് ആനടിയന്‍പാറയിലേക്ക്. മൂന്നുപേര്‍ക്ക് 900 രൂപയാണ് നിരക്ക്. നാലുമണിക്കൂറില്‍ അഞ്ചുകിലോമീറ്റര്‍ നടന്നാല്‍ വാച്ച് ടവറിലെത്താം. മൂന്നുപേര്‍ക്ക് 1,200 രൂപയാണ് നിരക്ക്. ഏറ്റവും ദൂരം കൂടിയ ആയക്കുറുശ്ശിയിലെത്താന്‍ ആറുമണിക്കൂറില്‍ എട്ടുകിലോമീറ്റര്‍ നടക്കാം. മൂന്നുപേര്‍ക്ക് 1,800 രൂപയാണ് നിരക്ക്.എല്ലാ യാത്രകള്‍ക്കൊപ്പവും വനംവകുപ്പ് വാച്ചര്‍ കൂടെയുണ്ടാകും. പ്രധാന കേന്ദ്രങ്ങളിലെത്തുമ്പോള്‍ പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂര്‍ പ്രദേശത്തിന്റെയും മറുഭാഗത്ത് ചേലക്കര, പഴയന്നൂര്‍ പ്രദേശത്തിന്റെയും വലിയൊരുഭാഗം ഉയരത്തില്‍നിന്ന് കാണാനാകും, കൂടാതെ, മുനിയറയും തടയണയും വലിയപാറകളും കാണം. വിവിധതരം പക്ഷികള്‍, മയിലുകള്‍, ചിത്രശലഭങ്ങള്‍ എന്നിവയുടെ കാഴ്ചയും ലഭിക്കും. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമയം.1997-ല്‍ ബിനോയ് വിശ്വം വനംമന്ത്രിയായിരുന്ന കാലത്താണ് ചൂലനൂര്‍ മയില്‍സങ്കേതം രൂപവത്കരിച്ചത്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായിട്ടാണ് സങ്കേതം സ്ഥിതിചെയ്യുന്നത്. 202 ഹെക്ടര്‍ പാലക്കാട് ആലത്തൂര്‍ റേഞ്ചിലും 140 ഹെക്ടര്‍ തൃശ്ശൂര്‍ വടക്കാഞ്ചേരി റേഞ്ചിലുമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുപ്രകാരം ഇവിടെ അഞ്ഞൂറിലധികം മയിലുകളുണ്ട്.