വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം : മുഖ്യമന്ത്രി
സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചർച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു.സമൂഹത്തിൻറെ നല്ല പാതിയായ സ്ത്രീകളെ മനുഷ്യത്തതോടെയും ആദരവോടെയും കാണാനുള്ള മനസ്ഥിതി സമൂഹത്തിലാകെ വളർത്തുകയും ചെയ്യണം

തിരുവനന്തപുരം : സമൂഹത്തിൽ വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചർച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ കാഴ്ചപ്പാട് തിരുത്തണം. സമൂഹത്തിൻറെ നല്ല പാതിയായ സ്ത്രീകളെ മനുഷ്യത്തതോടെയും ആദരവോടെയും കാണാനുള്ള മനസ്ഥിതി സമൂഹത്തിലാകെ വളർത്തുകയും ചെയ്യണം. കേരള വനിതാ കമ്മീഷന്റെ അന്താരാഷ്ട്ര വനിതാ ദിനചാരണം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18900 കേസുകളാണ് 2023 ൽ രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞവർഷം ഇത് 17000 ആയി കുറഞ്ഞിട്ടുണ്ട്. സ്ത്രീധന പീഡന കേസുകളിലും ഗാർഹിക പീഡന കേസുകളിലും കുറവ് വന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിനായി വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. അപരാജിത, വനിതാ ഹെൽപ്പ് ലൈൻ, സ്വയം പ്രതിരോധത്തിനായി സെൽഫ് ഡിഫൻസ് തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിച്ചു. ഡൊമസ്റ്റിക് കോൺഫ്‌ലിക്റ്റ് റെസലൂഷൻ സെന്ററിന്റെ സഹായവും സ്ത്രീകൾക്ക് നൽകുന്നുണ്ട്. അപകടത്തിൽപ്പെട്ടാൽ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ‘നിർഭയ’ ആപിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിത താമസത്തിനായി ‘സഖി വൺ സ്റ്റോപ്പ്’ പദ്ധതിയും സഞ്ചാരത്തിലെ സംരക്ഷണത്തിനായി ‘നിഴൽ’ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. പിങ്ക് പോലീസ്, എന്റെ കൂട്, വൺ ഡേ ഹോം തുടങ്ങിയ പദ്ധതികളും ശ്രദ്ധേയമാണ്. സ്ത്രീശാക്തീകരണത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കിയ ഇടപെടലുകളുടെ ഫലമായാണ് അതിക്രമങ്ങൾ കുറയ്ക്കാനായത്. എന്നാലും ഏറെ പുരോഗമിച്ച കേരളത്തിലെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് ഗൗരവതരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി ജെൻഡർ ബജറ്റിങ് നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ആകെ പദ്ധതികളുടെ 25 ശതമാനമെങ്കിലും സ്ത്രീശാക്തീകരണ പദ്ധതികൾക്കായി മാറ്റിവയ്ക്കാനാണ് ജെൻഡർ ബജറ്റിങ് നടപ്പിലാക്കിയത്. ഇതിനെ ഐക്യരാഷ്ട്രസഭ കഴിഞ്ഞവർഷം അഭിനന്ദിച്ചിരുന്നു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളിൽ 36 ശതമാനത്തോളം പദ്ധതികൾ സ്ത്രീകളുടേതാണ്. സ്ത്രീകളുടെ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ സഹായകമാകുന്ന വിധത്തിൽ വനിതാ വികസന കോർപ്പറേഷൻ വഴി കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒന്നര ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കി. വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലുകൾക്ക് പ്രാപ്തമാക്കാൻ ഡിജിറ്റൽ പാഠശാല പദ്ധതിയും നൈപുണ്യ വർദ്ധനവ് ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കി. സ്വയംതൊഴിൽ സംരംഭങ്ങൾക്കും വിദേശ ജോലികൾക്കുമായി സ്ത്രീകൾക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. വനിതകൾക്കായുള്ള നിരവധി ഹോസ്റ്റലുകൾ സജ്ജമാവുകയാണ്. സർക്കാരിന്റെ ഇത്തരം ഇടപെടലുകളുടെ ഭാഗമായി കേരളത്തിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ പ്രകാരം തൊഴിലെടുക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ 16 ശതമാനം വർധനവാണ് കഴിഞ്ഞ മൂന്നു വർഷത്തിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കേരളത്തിലെ ആകെ തൊഴിൽ ശക്തിയുടെ 37 ശതമാനവും സ്ത്രീകളാണ്. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് ഭയരഹിതമായി നിലകൊള്ളാമെന്ന അവസ്ഥ ഉറപ്പുവരുത്തുന്നതിന് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീശാക്തീകരണത്തിനായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനമാണ് കേരള വനിതാ കമ്മീഷൻ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവർത്തനംകൊണ്ട് ഒട്ടേറെ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ വനിതാ കമ്മീഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ ജാഗ്രതാസമിതികൾ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചതും കേരള വനിതാ കമ്മീഷനാണ്. സ്ത്രീ മുന്നേറ്റ ചരിത്രത്തിൽ കേരളത്തിന് എന്നും പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഇത്രയേറെ മഹത്തായ സ്ത്രീശാക്തീകരണ ചരിത്രം ഉണ്ടായിട്ടും പൊതുസ്ഥലങ്ങളിൽ ആത്മവിശ്വാസത്തോടെ എത്തിച്ചേരാൻ ഇപ്പോഴും സ്ത്രീകൾ മടിക്കുന്നുണ്ട്. ഇതിന് മാറ്റം ഉണ്ടാക്കുന്നതിനുള്ള അവസരമായി കൂടി വനിതാ കമ്മീഷൻ ആഭിമുഖ്യത്തിലുള്ള പരിപാടികൾ മാറുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ കേരള വനിതാ കമ്മീഷന്റെ സ്ത്രീ ശക്തി, ജാഗ്രതാ സമിതി പുരസ്‌ക്കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിച്ചു.