ജലനിരപ്പ് ഉയരുന്നു: മണിമലയിൽ മഞ്ഞ അലർട്ട്; ജാഗ്രത നിർദേശം
മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
 
                                    പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) നദിയിൽ ജലനിരപ്പ്  അപകടകരമായി തുടരുന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷന്റെ (CWC) പത്തനംതിട്ട ജില്ലയിലെ  കല്ലൂപ്പാറ സ്റ്റേഷൻ (മഞ്ഞ അലർട്ട്), സംസ്ഥാന ജലസേചന വകുപ്പിന്റെ  വള്ളംകുളം (Thondra) സ്റ്റേഷൻ (ഓറഞ്ച് അലർട്ട്) എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
 
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.                         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            