മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലിന് എറണാകുളം, തൃശൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഡൽഹി : വേനൽ മഴയിൽ കേരളത്തിനും കർണാടകക്കും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും ചിലസ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്. കൂടാതെ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐ.എം.ഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.
കേരളത്തിൽ ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് പറഞ്ഞു. കൂടാതെ പരിസ്ഥിതി ലോല മേഖലകളിൽ ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലിന് എറണാകുളം, തൃശൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിനാൽ ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും അനാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രിൽ ജൂൺ മാസങ്ങളിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.