വിഷ്ണുപ്രിയ കൊലക്കേസ്: പ്രോസിക്യൂഷൻ വാദം പൂർത്തിയായി
പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്താൽ വീ ട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി.
തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്താൽ വീ ട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി.പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസിലാണ് അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.വി. മൃദുല മുമ്പാകെ വാദം പൂർത്തിയായത്. പ്രതിഭാഗം വാദത്തിനായി കേസ് 30ലേക്ക് മാറ്റി. യുവതിയുടെ സുഹൃത്തായിരുന്ന കൂത്തുപറമ്പ് മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ എ. ശ്യാംജിത്താണ് (27) പ്രതി.പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു കൊല്ലപ്പെട്ട വിഷ്ണു പ്രിയ. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിന് വെട്ടി കൊല്ലുകയായിരുന്നുവെന്നാണ് കേസ്.
2022 ഒക്ടോബർ 22ന് രാവിലെ 11.45ന് ശേഷമാണ് സംഭവം നടന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കോടതിയിൽ ബോധിപ്പിച്ചു.കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കൂത്തുപറമ്പിലെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ചു.പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ സംഭവ സ്ഥലവും ആയുധങ്ങൾ കണ്ടെടുത്ത സ്ഥലവും സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന് 90 ദിവസത്തിനകം തന്നെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.