കോഴിക്കോട് - കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചു
മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പാലം പൂർണ്ണമായും അടച്ചെങ്കിലും ഇരുഭാഗങ്ങളിലുമുള്ള നടപ്പാതയിലൂടെ കാൽനടയാത്രികർക്ക് സഞ്ചരിക്കാം.
 
                                മാഹി: കോഴിക്കോട് - കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചു. 12 ദിവസത്തേക്കാണ് തിങ്കളാഴ്ച രാവിലെ പാലം അടച്ചത്. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പാലം പൂർണ്ണമായും അടച്ചെങ്കിലും ഇരുഭാഗങ്ങളിലുമുള്ള നടപ്പാതയിലൂടെ കാൽനടയാത്രികർക്ക് സഞ്ചരിക്കാം.
പാലത്തിന്‍റെ ഉപരിതലത്തിലെ ടാറിങ് ഇളക്കുന്ന ജോലിയാണ് ആരംഭിച്ചത്. എക്സ്പാൻഷൻ റാഡുകളിലെ വിള്ളലുകൾ വെൽഡിങ് ചെയ്തു യോജിപ്പിക്കാനുള്ള ജോലിയും നടക്കും. വടകര നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ മാഹി കെ.ടി.സി കവലയിൽ യാത്രികരെ ഇറക്കി തിരികെ പോകും. തലശ്ശേരി ഭാഗത്ത് നിന്നുള്ള ബസുകൾ മാഹിപ്പാലം കവലയിലും ആളുകളെ ഇറക്കി തിരിച്ചു പോകും.ദീർഘദൂര ബസുകൾ മാഹി ബൈപാസ് റോഡ് വഴിയാണ് കടന്നുപോകുക. മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴിയും, തലശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോകണമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.കൊടുവള്ളി മുതൽ മാഹി പാലം വരെയുള്ള ടാറിങ് ഇന്ന് രാത്രി മുതൽ തുടങ്ങും. കെ.കെ ബിൽഡേഴ്സാണ് ജോലി ഏറ്റെടുത്ത് നടത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            