ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി
ബോളിവുഡിലെ പ്രസിദ്ധ സിനിമാറ്റോഗ്രാഫറും പയ്യന്നൂർ സ്വദേശിയുമായ കെ.യു. മോഹനൻ ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ശ്രീവത്സം ഓഡിറ്റോറിയത്തിൽ തുടക്കമായി. ബോളിവുഡിലെ പ്രസിദ്ധ സിനിമാറ്റോഗ്രാഫറും പയ്യന്നൂർ സ്വദേശിയുമായ കെ.യു. മോഹനൻ ഉദ്ഘാടനം ചെയ്തു.നാല് ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ദിവസവും 5 സിനിമകൾ വീതം 20 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. എല്ലാ ചിത്രങ്ങളും മലയാളം സബ് ടൈറ്റലുകളോടെയാണ് പ്രദർശിപ്പിക്കുക. ഇന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി വി. ബാലകൃഷ്ണൻ നിർവഹിക്കും. 'മലയാള സിനിമയും തിയേറ്ററുകളിലെ ആഘോഷങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പ്രശാന്ത് വിജയ്, പ്രതാപ് ജോസഫ്, സി.പി. ശുഭ എന്നിവർ പങ്കെടുക്കും. ആർ. മുരളീധരൻ മോഡറേറ്ററായിരിക്കും. പ്രതാപ് ജോസഫ്, പ്രശാന്ത് വിജയ് എന്നിവർ പ്രേക്ഷകരുമായി സംവദിക്കും.