രാജ്യത്തെ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ശ്രീചിത്ര പ്രചോദനം: ഉപരാഷ്ട്രപതി

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി ഉപരാഷ്ട്രപതി സന്ദർശിച്ചു

Nov 4, 2025
രാജ്യത്തെ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ശ്രീചിത്ര പ്രചോദനം: ഉപരാഷ്ട്രപതി
vice president of india

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി ഉപരാഷ്ട്രപതി സന്ദർശിച്ചു

 
ന്യൂഡൽഹി : 04 നവംബർ 2025

ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി രാജ്യത്തെ ഗവണ്മെന്റ് മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും പ്രചോദനമാണെന്ന് ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാക‍ൃഷ്ണൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി ഫാക്കൽറ്റിയും സ്റ്റാർട്ടപ്പ് കമ്പനികളും വികസിപ്പിച്ചെടുത്ത മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീചിത്രയിൽ ബയോ മെഡിക്കൽ ഉപകരണങ്ങളിൽ 53 പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കൽ ഉപകരണ വികസനത്തിൽ പേറ്റൻ്റുകൾ, 19 ഡിസൈൻ രജിസ്ട്രേഷൻ, 35 സാങ്കേതിക കൈമാറ്റം എന്നിവ ശ്രീചിത്രയുടെ മികച്ച നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീചിത്രയിലെ രണ്ടാം തലമുറ ഹൃദയ വാൽവ് 40 പേരിൽ സ്ഥാപിച്ചതായി പറഞ്ഞ ഉപരാഷ്ട്രപതി, ചിത്ര ബ്ലഡ്‌ ബാഗ് ഇന്ന് ഇന്ത്യയിലും ഏഷ്യയിലും എല്ലാ ആശുപത്രികളിലുമുള്ളതാ‌യും ചൂണ്ടിക്കാട്ടി. ശ്രീചിത്രയിലെ ഉപകരണങ്ങളുടെ ഗുണമേന്മയാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീചിത്രയിലെ നൂതനാശയ സംരംഭങ്ങൾക്ക് മെഡിക്കൽ മേഖലയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ഇന്ത്യയിലെ രോഗികൾക്ക് വാസ്ക്കുലാർ സ്റ്റെന്റ്, വെൻട്രികുലാർ അസ്സിസ്റ്റ്‌ ഡിവൈസ് എന്നീ ജീവൻ രക്ഷാ ഉപകരണങ്ങൾ ഉടൻ തന്നെ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ആരോഗ്യം എന്നതാണ് ഗവൺമെൻ്റിൻ്റെ ലക്ഷ്യമെന്നും, ആ ദിശയിലാണ് ശ്രീചിത്ര പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരിൽ ദരിദ്രർക്ക് മികച്ച സേവനം നൽകണമെന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിൽ മികച്ച സ്വാധീനം ഉണ്ടാകുമ്പോഴാണ് ഗവേഷണം വിജയകരമാകുന്നതെന്നും, ആ നിലയിലെ ശ്രീചിത്രയുടെ പ്രവർത്തനം സ്തുത്യർഹമാണെന്നും ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാക‍ൃഷ്ണൻ പറഞ്ഞു.

രാജ്യത്തെ സാധാരണ ജനങ്ങളുടെ സേവനത്തിൽ ശ്രീചിത്ര വലിയ പങ്ക് വഹിച്ചതായി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേകർ ച‌ടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു. ആത്മനിർഭർ ഭാരതത്തിന് ശ്രീചിത്ര മികച്ച ഉദാഹരണമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി, സംസ്ഥാന ധനകാര്യ മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി ഡയറക്ടർ ഡോ സഞ്ജയ്‌ ബെഹാരി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. മണികണ്ഠൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. കവിതാ രാജ, ബയോ മെഡിക്കൽ ടെക്നോളജി വിംഗ് മേധാവി ഡോ. എച്ച്. കെ. വർമ, ഡീൻ ഡോ. കെ. ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.