നവകേരളത്തിലേക്കുള്ള യാത്രയിൽ കണ്ണി ചേരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ

Nov 4, 2025
നവകേരളത്തിലേക്കുള്ള യാത്രയിൽ കണ്ണി ചേരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ
vision 31

തിരുവനന്തപുരം :സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമിയിൽ സംഘടിപ്പിച്ച വിഷൻ 2031 സാംസ്‌കാരിക സെമിനാർ റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതിൽ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിൽനിന്നും വിഭിന്നമായി, സാമൂഹികനീതിയിൽ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാൽവയ്പും അതിന്റെ ചരിത്രവും കേരളത്തിനുണ്ട്. ശ്രീനാരായണഗുരു അടക്കമുള്ള നിരവധി സാമൂഹിക പരിഷ്‌കർത്താക്കൾ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ കാലടികൾ ആഴത്തിൽ പതിച്ച സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്‌കൂളിന്റെ ചരിത്രം വിസ്മരിക്കാനാവാത്തതാണ്. എഴുത്തും വായനയും നാടക പ്രസ്ഥാനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം നവോത്ഥാനത്തെ കൂടുതൽ ശക്തമാക്കി. എന്നാൽ കേരളം ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹാസഞ്ചയത്തിനുചുറ്റും അഗ്‌നിഗോളങ്ങൾപോലെ എഴുത്തിലും വായനയിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും വർഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികൾ നമ്മെ പിടിച്ചു കുലുക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഭദ്രതയോടെയും ആശയദൃഢതയോടെയും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ വരാനിരിക്കുന്ന തലമുറകൾക്ക് ദൈവത്തിന്റെ സ്വന്തം നാട് ആ രീതിയിൽ അനുഭവിക്കാൻ കഴിയൂ.

നമ്മുടെ മതേതരത്വബോധത്തിലും സാംസ്‌കാരിക അവബോധത്തിലും ജനാധിപത്യബോധത്തിലും ഭരണഘടനയോടുള്ള കാഴ്ചപ്പാടിലും അടിയുറച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാൻ കഴിയുന്ന ഒരു ഭൂമിക രൂപീകരിക്കാൻ ഇത്തരം ചർച്ചകളിലൂടെ സാധ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രമെന്നത് തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറേണ്ട അഗ്‌നിയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ, സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സൗഹൃദ അന്തരീക്ഷത്തെ മലീമസമാക്കുന്ന രീതിയിൽ വൈരാഗ്യത്തിന്റെയും വിഭാഗീയതയുടെയും വിത്തുകൾ വിതച്ചുകൊണ്ടുള്ള ശക്തികൾ കടന്നുവരുമ്പോൾ അതിനെതിരെ ഐക്യത്തിന്റെയും മൈത്രിയുടെയും സാഹോദര്യത്തിന്റെയുമൊക്കെ മഹാപരിചകൾ ഉയർത്തിപ്പിടിക്കുക എന്ന ദൗത്യമാണ് കാലം നമ്മിൽ ഏൽപ്പിച്ചിരിക്കുന്നത്. അതിനു മുന്നിൽനിന്നു പോരാടേണ്ടവരാണ് കലാ – സാഹിത്യ മേഖലയിലുള്ളവർ. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിലേക്ക് കലയും സാഹിത്യവും 'സ്‌കിൽ പോളിസി' കളായി ഉൾപ്പെടുത്തി കലാ - സാഹിത്യ മേഖലയിലുള്ളവരും എം. പാനൽ ചെയ്ത് അവർക്ക് കലാലയങ്ങളിൽ തൊഴിലവസരങ്ങൾ നൽകാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

സാസ്‌കാരിക മന്ത്രാലയത്തിന്റെ ഭരണ സംവിധാനത്തെ ആധുനിക കാലത്തിനനുസൃതമായി അടിമുടി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് നയരേഖ പ്രഖ്യാപനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. വകുപ്പിന് കീഴിലെ അക്കാദമികളുടെ സ്വതന്ത്രമായ അധികാരാവകാശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഊർജസ്വലമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിന് ഇവയെ ഏകോപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. 'ഗ്ലോബൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്' എന്ന നിലയിൽ നയം രൂപീകരിക്കുകയാണ് ലക്ഷ്യം. സകല കലകളുടെയും സർവകലാശാലയായി കേരള കലാമണ്ഡലത്തെ മാറ്റുക, 'മതം -മൈത്രി-മാനവികത' എന്ന ആശയം ഓരോ വീട്ടിലും എത്തിക്കുക, വജ്ര ജൂബിലി ഫെലോഷിപ്പുകാരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഓരോ പഞ്ചായത്തിലും ആശയവിനിമയത്തിന് വേദിയൊരുക്കുക, ജി.സി.സി. രാജ്യങ്ങളുമായി വാണിജ്യ വ്യാപാര ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തുന്നതോടൊപ്പം അവിടെയുള്ള കലാരൂപങ്ങളുടെ അവതരണം കേരളത്തിൽ സാധ്യമാക്കുക, മലയാളം മിഷന്റെ പ്രവർത്തനം മലയാളികളുള്ളിടത്തേക്കെല്ലാം വ്യാപിപ്പിക്കുക, ശാസ്ത്ര ബോധവൽകരണ സ്ഥാപനങ്ങൾ വ്യാപകമാക്കുക തുടങ്ങിയ ആശയങ്ങൾ മന്ത്രിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടുന്നു. കേരളത്തെ രണ്ടോ മൂന്നോ മേഖലകളായി തിരിച്ച് സ്ഥിരം നാടകവേദികൾ രൂപീകരിക്കുക, സിനിമാ-സീരിയൽ നയം നടപ്പാക്കുക, യുവജനങ്ങൾക്കും വനിതകൾക്കുമായി പ്രത്യേകം പരിപാടികൾ ആസൂത്രണം ചെയ്യുക, കലാകാരെ സംരക്ഷിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിക്കുക, മുതിർന്ന പൗരരെ സാംസ്‌കാരിക പരിപാടികളിൽ ഉൾപ്പെടുത്തുക, വിദ്യാർത്ഥികളുടെ സാംസ്‌കാരിക ഉന്നമനം സാധ്യമാക്കുന്ന 'ബാലകേരളം' പദ്ധതി നടപ്പാക്കുക തുടങ്ങിയ ആശയങ്ങളും മന്ത്രി പങ്കുവച്ചു.

കേരള സംസ്ഥാനം രൂപീകരിച്ച് 75 വർഷങ്ങൾ പൂർത്തിയാകുമ്പോൾ കേരളം എങ്ങനെയായിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാടു മുൻനിർത്തി സംസ്ഥാനസർക്കാർ നടത്തുന്ന സെമിനാറുകളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പു സംഘടിപ്പിച്ച സെമിനാറാണിത്. സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡേ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ സ്വാഗതവും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നന്ദിയും പറഞ്ഞു.

'മതേതരത്വം, മാനവികത, സാംസ്‌കാരിക വൈവിധ്യം' എന്ന വിഷയത്തിൽ കെ. ഇ. എൻ. കുഞ്ഞഹമ്മദ് സംസാരിച്ചു. സ്വാമി സന്ദീപാനന്ദഗിരി, ഡോ. അനിൽ ചേലേമ്പ്ര, റഫീഖ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു. 'കേരളം ഇന്നലെ ഇന്ന് നാളെ- നവോത്ഥാനത്തിൽനിന്ന് നവകേരളത്തിലേക്ക്-ജനകീയ സർക്കാരുകളുടെ സംഭാവനകൾ' എന്ന വിഷയത്തിൽ മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അവതരിപ്പിച്ചു. ടി. ഡി. രാമകൃഷ്ണൻ, സി. എസ്. ചന്ദ്രിക, ഡോ. ജിജു പി. അലക്‌സ്, ഡോ. എം. എ. സിദ്ദിഖ് എന്നിവർ പങ്കെടുത്തു. എ. വി. അജയകുമാർ സെമിനാറുകളുടെ മോഡറേറ്റർ ആയിരുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വിശിഷ്ടവ്യക്തികൾ സംബന്ധിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.