വാഹന രജിസ്‌ട്രേഷൻ രേഖകൾ ഇന്നുമുതൽ ഓൺലൈനിൽ; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും
കേന്ദ്രസർക്കാർ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ.സി.യുടെ ഡിജിറ്റൽ പകർപ്പ് ലഭിക്കും

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ രേഖകളും(ആർ.സി.) ഇന്ന് മുതൽ ഡിജിറ്റലായി മാറും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി. കേന്ദ്രസർക്കാർ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ.സി.യുടെ ഡിജിറ്റൽ പകർപ്പ് ലഭിക്കും.
വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിനാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. ആർ.സി. അച്ചടിക്കാതെ അപേക്ഷയിലെ നടപടിക്രമങ്ങൾ പൂർത്തിയാകില്ല. മറ്റു സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും കഴിയില്ല. ഉടമസ്ഥാവകാശം മാറാൻ കഴിയാത്തത് സെക്കൻഡ്ഹാൻഡ് കാർവിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
അച്ചടി തടസ്സപ്പെട്ടതിനാൽ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നൽകും. കാർഡിനുള്ള തുക ഈടാക്കിയിട്ടുള്ളതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം തത്കാലമായി നിർത്തിെവച്ചിട്ടുണ്ട്. അച്ചടിക്കരാർ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിനു പ്രതിഫലം നൽകാത്തതിനെത്തുടർന്നാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്.
10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇതു നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിെവച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായി ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തികനേട്ടം വാഹന ഉടമയ്ക്കുണ്ടാകില്ല. ഫീസ് ഇനത്തിൽ സർക്കാരിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവീസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിലും ഇതേ രീതി അവലംബിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോൾ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്ന് ധനവകുപ്പ് കർശന നിലപാട് എടുത്തതിനെത്തുടർന്നാണിത്.