മണ്ണിടിച്ചിൽ ;ചീമേനിയില്‍നിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഹിമാചലില്‍ കുടുങ്ങി
കുളു മണാലിയിലെത്തിയ സംഘം മഞ്ഞ് വീഴ്ച കാരണം രണ്ട് ദിവസം പുറത്തിറങ്ങാതെ കഴിഞ്ഞു.റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്നാണ് സംഘം കുടുങ്ങിയത്

ചെറുവത്തൂർ : ചീമേനി എൻജിനീയറിങ് കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളും അധ്യാപകരും ഹിമാചൽ പ്രദേശിൽ കുടുങ്ങി. കഴിഞ്ഞ 20 നാണ് ഇലക്ടോണിക്‌സ് ബ്രാഞ്ചിലേയും കംപ്യൂട്ടർ ബ്രാഞ്ചിലേയും വിദ്യാർഥികൾ ഉത്തരേന്ത്യൻ യാത്രയ്ക്ക് പോയത്. കുളു മണാലിയിലെത്തിയ സംഘം മഞ്ഞ് വീഴ്ച കാരണം രണ്ട് ദിവസം പുറത്തിറങ്ങാതെ കഴിഞ്ഞു.
വിനോദയാത്ര ഒഴിവാക്കി ന്യൂഡൽഹിയിലേക്ക് മടങ്ങവേ റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്നാണ് സംഘം കുടുങ്ങിയത്. ഇലക്ടോണിക്‌സ് ബ്രാഞ്ചിലെ വിദ്യാർഥികൾ കടന്നുപോയ ശേഷമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. 20 ആൺകുട്ടികളും 23 പെൺകുട്ടികളും രണ്ട് അധ്യാപകരും മൂന്ന് ഗൈഡുകളും രണ്ട് ബസ് ജീവനക്കാരും അടക്കം 50 അംഗം സംഘമാണ് റോഡിൽ കുടുങ്ങിയത്.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞ വീണത്. ഗ്രീൻ മണാലി ടോൾ പ്ലാസക്ക് സമീപമാണ് മണ്ണിടിഞ്ഞത്. ഞായറാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങുംവിധത്തിലാണ് യാത്ര ക്രമീകരിച്ചത്. മണ്ണ് നീക്കംചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ആശങ്കപ്പെടെണ്ടതില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു.