വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃക: മന്ത്രി ഡോ ആർ ബിന്ദു * രാജ്യത്തെ ആദ്യ സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേറ്റു

Sep 3, 2025
വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന്  മാതൃക: മന്ത്രി ഡോ ആർ ബിന്ദു  * രാജ്യത്തെ ആദ്യ സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേറ്റു
vayojana commission

രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന്  മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ  വയോജനങ്ങളെ സംരക്ഷിക്കുക എന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം ഉറപ്പാകുകയാണ്. സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേൽക്കൽ ചടങ്ങ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമൂഹത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം. 2030 ആവുമ്പോഴേക്കും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും. വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിന് സഹായങ്ങൾ ലഭ്യമാക്കാനുമാണ് കമ്മീഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിതം സംബന്ധിച്ച് വരുന്ന ആശങ്കകൾ അഭിസംബോധന ചെയ്യാൻ കമ്മീഷനിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന വയോജനങ്ങളുടെ സങ്കടങ്ങൾ തിരിച്ചറിഞ്ഞ്, അവർക്ക് പരിഹാരം കാണാനും ശാക്തീകരണത്തിനായുള്ള പദ്ധതികൾ നിർദ്ദേശിക്കാനും അവരുടെ കഴിവുകൾ സമൂഹത്തിനായി ഉപയോഗിക്കാനും ഉത്തരവാദിത്വമുള്ള ഒരു സംവിധാനമായാണ് വയോജന കമ്മീഷനെ വിഭാവനം ചെയ്തിരിക്കുന്നത്. വയോജന കമ്മീഷൻ ചെയർപേഴ്‌സണും അംഗങ്ങളായ മറ്റ് വ്യക്തിത്വങ്ങളും സമാന മേഖലയിൽ മുൻപ് പ്രവർത്തിച്ച് മികച്ച അനുഭവസമ്പത്തുള്ളവരാണെന്ന് പറഞ്ഞ മന്ത്രി ചുമതല ഏറ്റെടുത്ത കമ്മീഷനെ ആശംസിച്ചു. 

കേരളത്തിലെ വയോജന മേഖല നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. സമൂഹത്തിലെ മാറുന്ന സാഹചര്യത്തിൽ വയോജന കമ്മീഷന് വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ടെന്ന് ചടങ്ങിൽ മുഖ്യതിഥിയായ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു  പറഞ്ഞു.

രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ സോമപ്രസാദ് ചെയർപേഴ്സൺ ആയ അഞ്ചംഗ കമ്മീഷനാണ് സ്ഥാനമേറ്റത്. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), മുൻ വനിതാ കമ്മീഷൻ അംഗം ഇ എം രാധ, മുൻ കോളേജ് അധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം തുടങ്ങി മേഖലകളിൽ പ്രവർത്തിച്ചിട്ടുമുള്ള പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് രാജ്യത്തെ ആദ്യ വയോജന കമ്മീഷൻ അംഗങ്ങൾ.

കമ്മീഷനിൽ അർപ്പിതമായ ചുമതകൾ നിർവഹിക്കുമെന്നും സമൂഹത്തിൽ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുമെന്നും ചെയർപേഴ്‌സൺ കെ സോമപ്രസാദ് അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു.

അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. മുതിർന്ന പൗരന്മാരുടെ ക്ഷേമം നിയമസഭാ സമിതി അംഗം ജോബ് മൈക്കിൾ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർ, സബ് കളക്ടർ ആൽഫ്രഡ് ഒ വി, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, സാമൂഹ്യനീതി ഡയറക്ടർ അരുൺ എസ് നായർ എന്നിവർ സന്നിഹിതരായി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.