ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതി
സീറോമലബാർ സഭാ അസംബ്ലിയിൽ
പാലാ: സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസന്ദേശത്തിലാണ് മാർപാപ്പായുടെ പ്രാർഥനാശംസകൾ അപ്പസ്തോലിക്ക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ട് അറിയിച്ചത്.
അസംബ്ലിയുടെ മാർഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവത്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും സാമൂഹികവുമായ അവസ്ഥകൾ ചർച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാനദൗത്യമാണ് സുവിശേഷപ്രഘോഷണമെന്നും സന്ദേശത്തിൽ പറഞ്ഞു.
ലോകത്തിന് സുവിശേഷ മാതൃകകളാകാൻ പുരോഹിതർക്കും സമർപ്പിതർക്കുമൊപ്പം അല്മായർക്കും പ്രസക്തമായ പങ്കുണ്ട്. ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് എല്ലാതുറയിൽപ്പെട്ട സഭാംഗങ്ങൾക്കും കൃത്യമായ ധാരണകളുണ്ടാകണമെന്നും അപ്രകാരമുള്ള ധാരണകളെ രൂപപ്പെടുത്താനുള്ള വേദിയായി അസംബ്ലി മാറണമെന്നും ആർച്ച്ബിഷപ് ലിയോപോൾദോ ജിറെല്ലി കൂട്ടിച്ചേർത്തു.
സഭയുടെ മുഴുവൻ പ്രവർത്തനങ്ങളുടേയും പ്രഭവസ്ഥാനവും പാരമ്യതയുമാണ് കർത്താവിന്റെ പെസഹാരഹസ്യത്തിന്റെ ഓർമയായ വിശുദ്ധ കുർബാന. ഇത് ഐക്യത്തിന്റെ കൂദാശയാണ്. സാർവത്രികസഭയുടെ പൈതൃകമായി ആരാധനക്രമപാരമ്പര്യങ്ങൾ സഭയിൽ വളരുന്നത് ആദരവോടെ കാണുന്നു. കൂടുതൽ ഐക്യത്തിന് വഴിതെളിക്കാൻ അസംബ്ലിയിലെ ചർച്ചകൾ കാരണമാകട്ടെയെന്നും ആർച്ച്ബിഷപ് ജിറെല്ലി പ്രത്യാശ പ്രകടിപ്പിച്ചു.
അപ്പസ്തോലിക് ന്യൂൺഷ്യോയുടെ സാന്നിധ്യത്തിലൂടെ മാർപാപ്പാതന്നെയാണ് അസംബ്ലിയിൽ സന്നിഹിതനായിരിക്കുന്നതെന്ന് ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ദൈവജനത്തിന്റെ സാമൂഹിക ജീവിതവും കാലാനുസൃതമായ സുവിശേഷപ്രഘോഷണമാർഗങ്ങളും അസംബ്ലി ചർച്ചചെയ്യണമെന്നും മേജർ ആർച്ച്ബിഷപ് നിർദ്ദേശിച്ചു.
കാലഘട്ടത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് ഒരുമിച്ച് മുന്നേറാനുള്ള ആഹ്വാനമാണ് അസംബ്ലിയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയാണ് മുന്നേറ്റമുണ്ടാകേണ്ടതെന്നും കർദിനാൾ ഓർമിപ്പിച്ചു.
സൗമ്യമായ കേരളസമൂഹത്തെ വളർത്തിയെടുത്തതിൽ കത്തോലിക്കാസഭയുടെ പങ്കിനെ അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആശംസാപ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്റെ കത്തോലിക്കാവിശ്വാസം എന്നും ഉറക്കെ പറയുന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവരെ വളഞ്ഞിട്ട് അക്രമിക്കുമ്പോൾ കത്തോലിക്കാസഭയ്ക്ക് പ്രബലമായ സാക്ഷ്യം നൽകാനുണ്ടെന്ന് ആശംസാസന്ദേശത്തിൽ യാക്കോബായ സുറിയാനി സഭ മെട്രോപ്പോലീറ്റൻ ആർച്ച്ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സഭകൾ തമ്മിൽ ഐക്യത്തിന്റെ പാതയിൽ മുന്നേറുന്നത് ശുഭകരവും സുന്ദരവുമാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് ചൂണ്ടിക്കാട്ടി.
ആതിഥേയ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ കൃതജ്ഞതയുമറിയിച്ചു. അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, കമ്മിറ്റി സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്ങൽ, മദർ ജനറൽ സിസ്റ്റർ ലിറ്റി എഫ്സിസി, ശിവദാസ് ദാനിയേൽ നായ്ക്, ബീന ജോഷി, അഡ്വ. സാം സണ്ണി എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുത്തു.