ഈരാറ്റുപേട്ടയിൽ സെപ്റ്റംബർ മുതൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കും
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ സെപ്റ്റംബർ മുതൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കാൻ ട്രാഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തി ചേർന്ന ട്രാഫിക് കമ്മിറ്റിയോഗത്തിലാണ് തീരുമാനം. കൂടാതെ സെപ്റ്റംബർ മുതൽ പുതിയ ട്രാഫിക് നിർദേശങ്ങൾ നടപ്പാക്കാനും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയാറാക്കി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
പ്രധാന നിർദേശങ്ങൾ
=കുരിക്കൾ നഗർ-മാർക്കറ്റ് റോഡ് വൺവേ ആക്കും. കുരിക്കൾ നഗറിൽനിന്നുമാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. തിരിച്ചു വരേണ്ട വാഹനങ്ങൾ വിൻമാർട്ട് റോഡ് വഴിയോ ആർഎച്ച്എം ജംഗ്ഷൻ വഴിയോ പോകണം.
=തെക്കേക്കര കോസ്വേ വൺവേ ആക്കും. തെക്കേക്കര കോസ്വേയിൽനിന്നുള്ള വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞു സെൻട്രൽ ജംഗ്ഷൻ ചുറ്റിമാത്രം മാർക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാന്ഡ് ഭാഗത്തേക്കും പോകണം.
=കോസ്വേയിലേക്കു ടൗണിൽനിന്നു പ്രവേശനം ടൂ വീലറുകൾക്കു മാത്രമായി പരിമിതപ്പെടുത്തും. കോസ്വേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കർശനമായി നിരോധിക്കും.
=കുരിക്കൾ നഗറിലെ ബസുകളുടെ അനധികൃത പാർക്കിംഗും ഓട്ടോകളുടെ കറക്കവും അവസാനിപ്പിക്കും.
=വരുന്ന ബസുകൾ ആളുകളെ കയറ്റിയിറക്കി എത്രയും പെട്ടെന്ന് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.
=ഫുട്പാത്തും റോഡും കൈയേറിയുള്ള കച്ചവടം പൂർണമായി ഒഴിപ്പിക്കും. സൗകര്യപ്പെടുന്നിടത്തെല്ലാം കാൽനടക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കും.
=ബസ് സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന ബസുകൾ എവിടെയും നിർത്തി ആളെ കയറ്റുന്ന രീതി അവസാനിപ്പിക്കണം.
=ഗതാഗതത്തിരക്ക് ഒഴിവാക്കുന്ന രീതിയിൽ നഗരത്തിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചു പഠിച്ച് രണ്ടാഴ്ചക്കകം പഠിച്ച് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹനവകുപ്പിനെ ചുമതലപ്പെടുത്തി.
=ഓട്ടോറിക്ഷ, കാർ, ലോറി, പിക്കപ്പ് തുടങ്ങി എല്ലാ വാടക വാഹനങ്ങൾക്കും പാർക്കിംഗിനായി പ്രത്യേക സ്ഥലം നിശ്ചയിച്ച് സ്റ്റാൻഡ് പെർമിറ്റ് നൽകും.
=എല്ലാ ഓട്ടോകൾക്കും കൃത്യമായി സ്റ്റാൻഡ് നിശ്ചയിച്ച് കൊടുക്കും. പെർമിറ്റുള്ള വാഹനങ്ങളെ മാത്രമേ സ്റ്റാൻഡിൽ പ്രവേശിക്കാൻ അനുവദിക്കൂ.
=മഞ്ചാടിത്തുരുത്ത് കേന്ദ്രീകരിച്ച് പേ ആൻഡ് പാർക്കിംഗ് സംവിധാനം ഒരുക്കാൻ ശ്രമിക്കും.
=നിയന്ത്രണങ്ങൾക്ക് വിധേയമായി റവന്യു വകുപ്പിന്റെ അനുമതിയോടെ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കും.
യോഗത്തിൽ ഉയർന്ന മറ്റു നിർദേശങ്ങൾ ക്രോഡീകരിച്ച് മുനിസിപ്പൽ കൗൺസിലിൽ തീരുമാനമെടുക്കാൻ മുനിസിപ്പൽ ഭരണസമിതിയെ ചുമതലപ്പെടുത്തി. പ്രധാന റോഡുകളിലെ തിരക്ക് കുറക്കാൻ റിംഗ് റോഡുകൾ വികസിപ്പിക്കുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുനിസിപ്പൽ എൻജിനിയറെ ചുമതലപ്പെടുത്തി.
ടൗണിനുള്ളിലെ ബസ് സ്റ്റോപ്പുകൾ സംബന്ധിച്ച് പരിശോധന നടത്തി കൃത്യമായ പ്രൊപ്പോസൽ 15 ദിവസത്തിനകം തയാറാക്കി നഗരസഭയ്ക്ക് നൽകുന്നതിന് മോട്ടോർ വാഹനവകുപ്പിനെ ചുമതലപ്പെടുത്തി.
നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, ജോയിന്റ് ആർടിഒ, സർക്കിൾ ഇൻസ്പെക്ടർ, ഡെപ്യൂട്ടി തഹസിൽദാർ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ, മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനിയർ, മുനിസിപ്പൽ സെക്രട്ടറി തുടങ്ങി ഉദ്യോഗസ്ഥ തലത്തിലുള്ളവരും നഗരസഭാ കൗൺസിലർമാരും വിവിധ രാഷ്ട്രീയ, വ്യാപാരി, തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.