വയനാട്: നഷ്ടക്കണക്കുകൾ 10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും
Wayanad: The loss figures will be forwarded to the Center within 10 days
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കുകളും പ്രത്യേക വില്ലേജ് മാതൃകയിലുള്ള പുനരധിവാസ പദ്ധതിയും ഉള്‍പ്പെടുത്തി കേരളം തയാറാക്കുന്ന മെമ്മോറാണ്ടം 10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും. ഇതുസംബന്ധിച്ച റിപ്പോർട്ട് വേഗം തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ-റവന്യൂ വകുപ്പുകളെ ചുമതലപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാശനഷ്ടക്കണക്കുകളും പുനരധിവാസ പാക്കേജിലെ വിവരങ്ങളും ഉള്‍പ്പെടുത്തി മെമ്മോറാണ്ടം തയാറാക്കാനുള്ള നടപടി വേഗത്തിലാക്കിയത്. വയനാട് കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ-തദ്ദേശ സ്ഥാപന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന തലത്തില്‍ വിവിധ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ അനുമതിയോടെ കേന്ദ്രത്തിന് കൈമാറും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പ് കേന്ദ്രസംഘംകൂടി വയനാട്ടിലെത്തി സാഹചര്യങ്ങൾ വിലയിരുത്തിയ സാഹചര്യത്തില്‍ പുനരധിവാസ പാക്കേജ് അനുവദിക്കാന്‍ കൂടുതല്‍ ചുവപ്പുനാടയുടെ കുരുക്കുണ്ടാകില്ലെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.