കേരളത്തിലേക്ക് എട്ടിനു പകരം 20 കോച്ചുള്ള വന്ദേഭാരത് വരുന്നു
സുഗമ യാത്രയ്‌ക്ക് 10,000 ജനറല്‍ കോച്ചുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. നിലവില്‍ ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിനു പകരമാണ് പുതിയ തീവണ്ടി ഓടുക.
നിലവില്‍ റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്തുള്ള വണ്ടിയാണിത്. 100 സീറ്റുള്ള വണ്ടിയില്‍ കയറിയും ഇറങ്ങിയും 200 യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കായാല്‍ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതിയതായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നിറങ്ങിയ രണ്ട് വന്ദേഭാരതുകള്‍ കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേക്ക് കൈമാറി.
നിലവില്‍ എട്ടു റേക്കില്‍ ഓടുന്ന തിരുവനന്തപുരം-മംഗളൂരു, തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതുകള്‍ക്കാണ് പരിഗണന. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ (20634) 1016 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. റെയില്‍വേയുടെ കണക്കനുസരിച്ച് 100 ശതമാനം ഒക്കുപ്പൻസിയുള്ള 17 വണ്ടികളില്‍ ഏറ്റവും മുന്നിലാണ് ഈ വണ്ടി.വന്ദേഭാരതിന്റെ നീലയും വെള്ളയും നിറം ഒഴിവാക്കി. ഇപ്പോള്‍ ഓറഞ്ച്, ചാരം, കറുപ്പ് എന്നിവയുടെ സംയോജനത്തോടെയുള്ള നിറത്തിലാണ് ഇറക്കുന്നത്. ഐ.സി.എഫ് റെയില്‍വേ അനുമതിയോടെ നിറംമാറ്റിയത്.
സാധാരണക്കാരായ ലക്ഷക്കണക്കിനു പേരുടെ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ ബൃഹദ് പദ്ധതിയുമായി റെയില്‍വെ. രണ്ടു വര്‍ഷത്തിനുള്ളില്‍ 10000 പുതിയ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തി ഇതുവഴി കുറഞ്ഞത് എട്ടു ലക്ഷം യാത്രക്കാരെയെങ്കിലും അധികമായി ചേര്‍ക്കുകയാണു ലക്ഷ്യം. പുതുതായി നിര്‍മിക്കുന്ന ഈ കോച്ചുകളെല്ലാം എല്‍എച്ച്ബിയുടേതാണ്.
ഇതിനകം 585 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനുകളില്‍ ചേര്‍ത്തുകഴിഞ്ഞു. ഈ മാസത്തിനുള്ളില്‍ അറുനൂറ്റന്‍പതോളം ട്രെയിനുകളിലായി ആയിരത്തിലധികം ജനറല്‍ കോച്ചുകള്‍ കൂടി ചേര്‍ക്കും. ഇതോടെ ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ക്കു പ്രയോജനം ലഭിക്കും.
രണ്ടു വര്‍ഷത്തിനുള്ളില്‍ വന്‍തോതില്‍ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്നും സാധാരണക്കാര്‍ക്കു പ്രാധാന്യം നല്കിയാണ് ഈ തീരുമാനമെന്നും റെയില്‍വെ ബോര്‍ഡ് എക്‌സി. ഡയറക്ടര്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി) ദിലീപ് കുമാര്‍ പറഞ്ഞു.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 583 പുതിയ ജനറല്‍ കോച്ചുകള്‍ നിര്‍മിച്ചു. ഇവ 229 ട്രെയിനുകളില്‍ ചേര്‍ത്തു. 1000 ജനറല്‍ കോച്ചുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ 647 ട്രെയിനുകളില്‍ ഇവ കൂട്ടിച്ചേര്‍ക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലധികം എസിയല്ലാത്ത ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തും. ഇതില്‍ ആറായിരത്തോളം ജനറലും ബാക്കി സ്ലീപ്പറുമാണ്. ഇതോടെ ജനറല്‍ ക്ലാസിലെ എട്ടു ലക്ഷം പേര്‍ക്ക് അധികമായി ട്രെയിന്‍ യാത്ര സാധ്യമാകും.