വൈക്കത്തഷ്ടമിക്ക് വിപുലമായ ഒരുക്കങ്ങള്‍: മന്ത്രി വി.എന്‍. വാസവന്
12 മുതല്‍ 23 വരെയാണ് വൈക്കത്തഷ്ടമി.
വൈക്കം: വൈക്കത്തഷ്ടമി എല്ലാ പരിപാവനതയോടും സുഗമമായും നടത്താനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്. വൈക്കത്തഷ്ടമി, ശബരിമല തീര്‍ഥാടക സൗകര്യങ്ങള്‍ വിലയിരുത്താന്‍ വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
12 മുതല്‍ 23 വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് വിഭാഗങ്ങളുടെ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും. ക്ഷേത്രത്തിലും പരിസരങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ക്കായി 550 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കും.
ഇതിനായി 45 സ്ഥിരം സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തകരാറിലായ സിസിടിവികളും ഹൈമാസ്റ്റ് ലൈറ്റുകളും അഷ്ടമിക്ക് മുന്‍പായി നന്നാക്കും. ലഹരിവസ്തുക്കളുമായി വിതരണക്കാര്‍ മേഖലയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും പ്രതിരോധിക്കാനായി സംയുക്ത സ്ക്വാഡ് രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആംബുലന്‍സ്-മരുന്ന് സേവനങ്ങളും ലഭ്യമാകും. ക്ഷേത്രത്തിനു സമീപം നഴ്സുമാരുള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. ക്ഷേത്രവും പരിസരവും മാലിന്യമുക്തമാക്കുന്നതിനായി ഹരിതകര്മസേനാംഗങ്ങള്ക്കൊപ്പം കുടുംബശ്രീ സിഡിഎസ് അംഗങ്ങളെയും നിയോഗിക്കുമെന്ന് നഗരസഭ അറിയിച്ചു.
ജൈവമാലിന്യ സംസ്കരണത്തിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വഴിയോര കച്ചവടത്തിന് അനുമതി നല്കുമ്പോള് വൈദ്യുതിത്തൂണുകള്‍ കടകള്‍ക്കുള്ളില്‍ വരാത്തവിധം നല്‍കണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.
വൈക്കം കായലോര ബീച്ചില്‍ ബാരിക്കേഡ് സംവിധാനം ഉണ്ടാവും. ജലഗതാഗതവകുപ്പ് സ്പെഷല്‍ സര്‍വീസ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തും. ആള്‍ത്തിരക്ക് പരിഗണിച്ച് തവണക്കടവിലും വൈക്കത്തുമുള്ള ബോട്ടുജെട്ടികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.
കെഎസ്ആര്‍ടിസി വിവിധ സ്ഥലങ്ങളിലേക്ക് അധികസര്‍വീസുകള്‍ നടത്തും. 15 ബസുകള്‍ ഇതിനായി തയാറാക്കും. നഗരത്തില്‍ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കും. സ്വകാര്യ ബസുകള്‍ക്ക് പാര്‍ക്കിംഗ് സംവിധാനമൊരുക്കണമെന്ന ആവശ്യവും പരിഗണിക്കും.
സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭാധ്യക്ഷ പ്രീത രാജേഷ്, വൈസ് ചെയര്മാന് പി. ടി. സുഭാഷ്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, പാലാ ആര്‍ഡിഒയുടെ ചുമതല വഹിക്കുന്ന എം. അമല്‍ മഹേശ്വര്,
അഡീഷണല്‍ എസ്പി വിനോദ് പിള്ള, വൈക്കം ഡിവൈഎസ്പി സിബിച്ചന് ജോസഫ്, തഹസീല്‍ദാര്‍ എ.എന്‍. ഗോപകുമാര്‍, നഗരസഭാംഗം ഗിരിജകുമാരി, ദേവസ്വം കമ്മീഷണര്‍ കെ.ആര്. ശ്രീലത, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.ജി. മധു തുടങ്ങിയവര്‍ പങ്കെടുത്തു.