ഭക്തരോട് ചൂഷണം പാടില്ല: പ്രതിഷേധ നാമജപ യാത്ര 10ന്
ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ 10ന് രാവിലെ പത്തിന് പേട്ടക്കവലയിൽ പ്രതിഷേധ നാമജപ യാത്ര
എരുമേലി: അമിത വില ഈടാക്കിയും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും ശബരിമല തീർഥാടകരെ ചൂഷണം ചെയ്യുന്നെന്ന് ആരോപിച്ച് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ 10ന് രാവിലെ പത്തിന് പേട്ടക്കവലയിൽ പ്രതിഷേധ നാമജപ യാത്ര നടത്തും. അയ്യപ്പഭക്തര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളൊന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചെയ്തിട്ടില്ല.
ക്ഷേത്രത്തിൽ ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമുണ്ടായിരുന്ന വിരിപ്പന്തല്‍ പൊളിച്ച് നീക്കി. പകരം കിഫ്ബിയുടെ ധനസഹായത്തോടെ നിർമാണം ആരംഭിച്ച കെട്ടിടം നാലു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിച്ചില്ല.
ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിംഗ് മൈതാനങ്ങള്‍ ശോചനീയമാണ്. പാര്‍ക്കിംഗ് മൈതാനങ്ങള്‍, ശൗചാലയങ്ങള്‍, ഹോട്ടലുകള്‍, പേട്ട തുള്ളല്‍ സാധനങ്ങള്‍ അടക്കം അമിത നിരക്ക് ആണുള്ളത്. നിരോധിച്ച രാസ സിന്ദൂരത്തിന് പകരം ജൈവ സിന്ദൂരം ലഭ്യമാക്കിയിട്ടില്ലെന്നും സമിതി ഭാരവാഹികളായ അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്,
ഹിന്ദു ഐക്യവേദി ജില്ല സംഘടന സെക്രട്ടറി സി.ഡി. മുരളി, വിശ്വ ഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി മോഹനന് പനയ്ക്കല്‍, ജില്ല ജോയിന്റ് സെക്രട്ടറി മോഹനന് കുളത്തുങ്കല്‍ എന്നിവർ ആരോപിച്ചു.