അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

Sep 11, 2025
അധ്യാപക അവാർഡ് തുക  വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി
v sivankutty munister

സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് വിതരണം,പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാര പുരസ്‌കാര വിതരണം,വിദ്യാരംഗം അധ്യാപക കലാ സാഹിത്യ പുരസ്‌കാര വിതരണം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അധ്യാപക അവാർഡ് തുക 10,000 രൂപയിൽ നിന്ന് 20,000 രൂപയായും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാര തുക 10,000 രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തും. ഒരു സ്‌കൂളിന്റെ വളർച്ചയുടെയും തളർച്ചയുടെയും ഉത്തരവാദിത്തം അധ്യാപകർക്കാണ്. ഓരോ വിദ്യാർത്ഥിയുടെയും ഭാവിയുടെ കാര്യത്തിൽ അധ്യാപകർ രക്ഷിതാക്കളെപ്പോലെ ഉത്തരവാദിത്തം കാണിക്കണം.

പുതിയ പദ്ധതികൾ പരിഗണനയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പരിഗണനയിലുണ്ട്. ഏറ്റവും കൂടുതൽ കുട്ടികളെ പ്രീ-പ്രൈമറി, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾക്ക് പങ്കെടുപ്പിക്കുന്ന സ്‌കൂളുകൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ ഒരു എവറോളിംഗ് ട്രോഫി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഈ ട്രോഫി നേടുന്ന സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണനയും ലഭിക്കും.

അധ്യാപകരുടെ തൊഴിൽപരമായ കാര്യക്ഷമത വിലയിരുത്തുന്നതിനായി എല്ലാ അധ്യാപകർക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സി.ആർ.) ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. നിലവിൽ പ്രധാനാധ്യാപകർക്ക് മാത്രമാണ് സി.ആർ. ബാധകമായിട്ടുള്ളത്. അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്നും, നിരന്തര മൂല്യനിർണയത്തിലും പരീക്ഷാ മൂല്യനിർണയത്തിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി അധ്യാപകരോട് ആവശ്യപ്പെട്ടു. ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു. കുട്ടികളുടെ സാഹിത്യോൽസവുമായ അക്ഷരക്കൂട്ടിന്റെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.

 ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി സ്വാഗതമാശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് എന്നിവർ സംബന്ധിച്ചു.

ചടങ്ങിൽ വിവിധ ഉദ്യോഗസ്ഥരും അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാർഥികളും പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.