മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുന്നതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാകും: മന്ത്രി എം.ബി രാജേഷ്

Sep 11, 2025
മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ  ഉയർത്തുന്നതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാകും:   മന്ത്രി എം.ബി രാജേഷ്
M B RAJESH MINISTER

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം അംബ്രല്ല പദ്ധതിയുടെ കീഴിൽ വരുന്ന സംരംഭകത്വ വികസന പദ്ധതികളിൽ ഉൾപ്പെട്ട ഒരു ഉപപദ്ധതിയാണ് ഇൻക്യുബേറ്റർ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് നിലവിൽ ഇൻക്യുബേറ്റർ പദ്ധതി നടപ്പാക്കുന്നത്. വിപണിയിൽ വിജയിക്കാൻ പ്രയാസം നേരിടുന്ന ഉൽപാദന സേവന മേഖലകളിലെ സംരംഭങ്ങൾക്ക് ഇൻക്യുബേറ്റർ പദ്ധതി വഴി ആവശ്യമായ പിന്തുണകൾ ലഭ്യമാക്കും.  ഇങ്ങനെ ഒാരോ കാലഘട്ടത്തിലും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ട് സ്വയം ആധുനികവൽക്കരിച്ചു കൊണ്ടാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ. എല്ലാവരേയും ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകുന്ന സമീപനമാണ് കുടുംബശ്രീയുടേത്. സ്ത്രീകൾക്ക് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ശാക്തീകരണം നേടിക്കൊടുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി വരുമാന വർധനവാണ് ലക്ഷ്യം. ഇതിനായി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപതിൽ നിന്നും അമ്പത് ശതമാനമാക്കി ഉയർത്തും. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ വളർച്ചയ്ക്ക് ഇത് ഏറെ സഹായകമാകും. വേതനാധിഷ്ഠിത  തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്.  നിലവിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒാണത്തിനു മുമ്പ് ഒരു ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യം കുടുംബശ്രീ കൈവരിച്ചു. സംസ്ഥാനത്ത് അതിദാരിദ്ര്യനിർമാർജന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലും കുടുംബശ്രീ നിർണായക പങ്കു വഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ 95 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിൽ വലിയ പങ്കാണ് കുടുംബശ്രീ വഹിച്ചത്. വരുന്ന നവംബർ ഒന്നിന് മുമ്പായി ബാക്കി കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുമെന്നു പറഞ്ഞ മന്ത്രി കുടുംബശ്രീ റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ- ത്രിദിന ദേശീയ ശിൽപശാല സംരംഭകത്വ വികസനത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി സ്ത്രീകൾക്ക് സുസ്ഥിര വരുമാനലഭ്യതയ്ക്ക് അവസരമൊരുക്കുമെന്നും പറഞ്ഞു.  
ഗ്രാമീണ മേഖലയിലെ സംരംഭകർക്ക് സുസ്ഥിര ഉപജീവന 

മാർഗമൊരുക്കുന്നതിന്റെ ഭാഗമായി ഉൽപാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണകൾ ലഭ്യമാക്കി ശക്തവും വിപുലവുമായ സംരംഭക ശൃംഖല സൃഷ്ടിക്കാനാവുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങ് ഒാൺലൈനായി പങ്കെടുത്തു കൊണ്ട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

ഇൻക്യുബേറ്റർ പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന സംരംഭങ്ങൾക്ക് വളരുന്നതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഇതിനായി നവീനമായ ആശയങ്ങൾ, അറിവുകൾ,  അനുഭവ പരിജ്ഞാനം  എന്നിവ പങ്കു വയ്ക്കാനും വെല്ലുവിളികൾ മനസിലാക്കുന്നതിനും ശിൽപശാല സഹായകമാകുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ആസാം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബിദ്യുത് സി.ദേഖ ആശംസിച്ചു. കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ സി.നവീൻ നന്ദി പറഞ്ഞു.

ശിൽപശാലയോടനുബന്ധിച്ച് ഇന്നലെ(10-9-2025) ആറ് വിഷയങ്ങളിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. "ദീൻ ദയാൽ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം -യാത്രയും മുന്നോട്ടുള്ള വഴിയും', "ഇൻക്യുബേറ്റ്റ്#മാർഗരേഖ-കടമയും ഉത്തരവാദിത്തങ്ങളും', "ഗ്രാമീണ സംരംഭങ്ങൾക്ക് വിപണി ലഭ്യത', സംരംഭങ്ങളുടെ സ്കെയിൽ അപ്', "നൂതനാശയ മേഖലകളെ കാര്യക്ഷമമാക്കാൻ സാങ്കേതികവിദ്യ' തുടങ്ങി വിഷയങ്ങളിലായിരുന്നു ചർച്ച. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം, റാമിന്ദർ സിങ്ങ് രേഖി, ദിഗ്വിജയ് ചൗധരി, ശശാങ്ക് കുമാർ, വിജയ് പ്രതാപ് സിങ്ങ് ആദിത്യ, മധുബൻ പാണ്ഡെ, പ്രഫ.അഭിഉദയ് ഗോയൽ, പ്രഫ.രാംകുമാർ, പ്രഫ. റിഷി കുമാർ, ലിജോ, പ്രഫ. പി യോഗീശ്വരി, ഡോ.രൂപാലി ഖനോൽക്കർ, ഡോ.തപസ് രഞ്ജാങ്കർ, 

ഡോ.ഡുഖാബന്ദു സഹൂ, ഡോ.നേത്രാപൽ സിങ്ങ്,  എന്നിവർ പങ്കെടുത്തു.  ഇൻക്യുബേറ്റർ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ  നിന്നുളള അനുഭവങ്ങൾ പാനൽചർച്ചയിൽ പങ്കു വച്ചു. 

മൂന്നു ദിവസങ്ങളായി സംഘടിപ്പിക്കുന്ന ദേശീയ ശിൽപശാലയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, രാജ്യത്തെ വിവിധ സ്റ്റേറ്റ് റൂറൽ ലൈവിലിഹുഡ് മിഷനുകൾ, രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ബിറ്റ്സ് പിലാനി, ഐ.ഐ.ടി ഭുവനേശ്വർ, ഐ.ഐ.എം ഉദയ്പൂർ, ഐ.ഐ.എം ഇൻഡോർ, ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം കോഴിക്കോട് എന്നിവ കൂടാതെ മറ്റ് പ്രമുഖ  സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അക്കാദമിക് വിദഗ്ധരുമാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. 

  ശിൽപശാലയിൽ വിവിധ വിഷയങ്ങളിലായി ആകെ പത്തോളം  സെഷനുകൾ ഉണ്ടാകും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.