ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി: മന്ത്രി വി.എൻ. വാസവൻ
- കിഫ്ബി മുഖേന 93.22 കോടി രൂപ ചെലവിൽ നിർമാണം
ഏറ്റുമാനൂർ നഗരസഭയിലും ഇതിനോടു ചേർന്നുള്ള അതിരമ്പുഴ, കാണക്കാരി പഞ്ചായത്തുകളിലെ സമീപവാർഡുകളിലിലെയും എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതായി സഹകരണ-ദേവസ്വം-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിഫ്ബി മുഖേന 93.22 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുക. രണ്ടാംഘട്ടമായി 73.38 കോടി രൂപയുടെ നിർമാണ പ്രവർത്തികൾക്കാണ് മന്ത്രിസഭ അനുമതി നൽകിയത്. ഇതോടെ ദീർഘകാലമായി സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങിയ പദ്ധതിപ്രവർത്തനങ്ങൾക്കാണ് പരിഹാരമാവുന്നത്. 22 എം.എൽ.ഡി. ശേഷിയുള്ള ജലശുദ്ധീകരണശാലയും നേതാജി നഗറിൽ 16 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയുമാണ് നിർമിക്കുന്നത്. കച്ചേരിക്കുന്ന്, കട്ടച്ചിറ എന്നിവിടങ്ങളിലാണ് ടാങ്ക് നിർമിക്കുക. ഇതിന്റെ ടെണ്ടർ നടപടി പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങളിലേക്ക് കടന്നു. ഒന്നാം ഘട്ടത്തിൽ ശുദ്ധജല വിതരണത്തിനുള്ള പൈപ്പിടൽ പ്രവർത്തികൾ പുരോഗമിച്ചു വരികയാണ്. തുടർന്നുള്ള പ്രവർത്തികൾക്കാണ് കിഫ്ബി 73.38 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പ്ലാന്റ് നിർമാണം ഉൾപ്പെടെ പവർ എൻഹാൻസ്‌മെന്റ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവർത്തികൾ, റോഡ് പുനഃസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടുത്തിയാണ് സർക്കാർ പണം അനുവദിച്ചത്.
ശുദ്ധീകരണശാലയിൽ നിന്ന് ടാങ്കുകളിലേക്ക് 13 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വെള്ളം എത്തിക്കുക. ടാങ്കുകളിൽ നിന്ന് 43 കിലോമീറ്റർ നീളത്തിലാണ് വിതരണ ശൃംഖല സ്ഥാപിക്കുക. ഏറ്റുമാനൂർ നഗരസഭയിലും ഇതിനോടു ചേർന്നു കിടക്കുന്ന അതിരമ്പുഴ, കാണക്കാരി പഞ്ചായത്തിലെ സമീപവാർഡുകളിലും ഗാർഹിക കണക്ഷനിലൂടെ എല്ലാവർക്കും കുടിവെള്ളമെത്തിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിൽ കൂടുതൽ കാര്യക്ഷമമായി ശുദ്ധജല വിതരണം നടത്താനാകും.
വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, നഗരസഭാംഗം ഇ.എസ്. ബിജു, ഡി.സി.എച്ച്. വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അതിരമ്പുഴ ജങ്ഷൻ, അതിരമ്പുഴ ആറ്റുകാരൻ കവല,
ഹോളി ക്രോസ് റോഡ് ഉദ്ഘാടനം സെപ്റ്റംബർ 17ന്
പുനർനിർമിച്ച അതിരമ്പുഴ ജങ്ഷന്റെയും അതിരമ്പുഴ-ആറ്റുകാരൻ കവല, ഹോളി ക്രോസ് റോഡുകളുടെയും ഉദ്ഘാടനം സെപ്റ്റംബർ 17ന് നടക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിരമ്പുഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ജങ്ഷൻ നവീകരണം. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ്, മഹാത്മാ ഗാന്ധി സർവകലാശാല, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി എന്നീ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്ന റോഡിന്റെ വീതിക്കുറവ് വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ആറു മീറ്റർ വീതിയുണ്ടായിരുന്ന ജഗ്ഷൻ ശരാശരി 18 മീറ്റർ വീതിയിലും 400 മീറ്ററോളം നീളത്തിലുമാണ് നവീകരിച്ചത്. റോഡിന്റെ ഇരുവശത്തും ആവശ്യമായ ഭൂമി വിലനൽകി ഏറ്റെടുത്ത്, കെട്ടിടങ്ങൾ നീക്കിയാണ് പുനർനിർമാണം നടത്തിയത്. 8.81 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. അനുവദിച്ചതുകയിൽ 174.60 ലക്ഷം രൂപ നിർമാണ പ്രവർത്തനങ്ങൾക്കും 706.40 ലക്ഷം രൂപ ഭൂമി ഏറ്റെടുക്കലിനും വകയിരുത്തി. പ്രവൃത്തിയുടെ പരിപാലന കാലാവധി മൂന്നു വർഷമാണ്. നിലവിലുണ്ടായിരുന്ന റോഡ് വീതി കൂട്ടി ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പുനർനിർമിച്ചതിനൊപ്പം അരികുചാലുകളും നടപ്പാതയും നിർമിച്ചു. റോഡു സുരക്ഷാ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
അതിരമ്പുഴ ജംഗ്ഷനേയും ഏറ്റുമാനൂർ - വെച്ചൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിരമ്പുഴ- ആട്ടുകാരൻ കവല റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് രണ്ടു കിലോമീറ്റർ നീളത്തിലാണ് നിർമിച്ചിരിക്കുന്നത്. നീണ്ടൂർ, കല്ലറ, ചേർത്തല ഭാഗങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മെഡിക്കൽ കോളജ് ആശുപത്രികളിലും എം.ജി. സർവകലാശാലയിലേക്കും മാന്നാനം അൽഫോൻസ തീർഥാടന കേന്ദ്രത്തിലേക്കും എളുപ്പത്തിലെത്താം.
എം.സി. റോഡിനെയും പഴയ എം.സി. റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ നഗരസഭയിലെ പ്രധാന ലിങ്ക് റോഡായ ഹോളി ക്രോസ് റോഡും ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് പൂർത്തീകരിച്ചത്. മൂന്നുവർഷമാണ് പ്രവൃത്തിയുടെ പരിപാലന കാലാവധി. അരികുചാലുകൾ, നടപ്പാത, റോഡ് സുരക്ഷാ പ്രവൃത്തികൾ എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചിരിക്കുന്നത്. 445 ലക്ഷം രൂപ ചെലവിലാണ് റോഡുകളുടെ നിർമാണം.
ഓണസമ്മാനമായി ഭൂഗർഭപാതയും നീണ്ടൂർ കുറുപ്പന്തറ റോഡും
കോട്ടയം മെഡിക്കൽ കോളജിനു മുമ്പിൽ ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് നിർമിക്കുന്ന ഭൂഗർഭ പാതയുടെ നിർമാണം പൂർത്തിയായതായും ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 129.80 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. പ്രവൃത്തിയുടെ പരിപാലന കാലാവധി അഞ്ചു വർഷമാണ്.
18 മീറ്റർ നീളത്തിലും അഞ്ചു മീറ്റർ വീതിയിലും 3.5 മീറ്റർ ഉയരത്തിലുമാണ് നിർമാണം. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നവർക്ക് തിരക്കേറിയ റോഡ് കുറുകെ കടക്കാതെ ഭൂഗർഭ പാതയിയിലൂടെ മെഡിക്കൽ കോളജിലേക്ക് എത്താം.
നീണ്ടൂർ-കുറുപ്പുന്തറ റോഡിന്റെ നീണ്ടൂർ പ്ലാസാ ജങ്ഷനിൽ നിന്ന് ആരംഭിച്ച് കുറുപ്പുന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ ഭാഗത്തെ നിർമാണം പൂർത്തീകരിച്ചു. 700 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഡി.ബി.എം. ആൻഡ് ബിസി നിലവാരത്തിലാണ് ടാറിങ് പൂർത്തീകരിച്ചത്. താഴ്ന്നു കിടന്നതും വെള്ളക്കെട്ട് മൂലം പൂർണമായി തകർന്നു കിടന്നതുമായ ആറു സ്ഥലങ്ങളിൽ റോഡ് ഉയർത്തിയതിനു ശേഷമാണ് ടാറിങ് നടത്തിയിട്ടുള്ളത്. മാഞ്ഞൂർ പാടശേഖരം വരുന്ന ഭാഗത്ത് 170 മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും സംരക്ഷണഭിത്തി നിർമിച്ച് രണ്ടു മീറ്റർ റോഡ് ഉയർത്തിയാണ് ടാറിങ് നടത്തിയത്. പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പൈപ്പ് കൾവർട്ട് സ്ഥാപിച്ചിട്ടുണ്ട്. ദിശാ-സുരക്ഷാ സൂചകങ്ങളടക്കം സ്ഥാപിച്ച് റോഡ് സുരക്ഷാ പ്രവർത്തികളും പൂർത്തീകരിച്ചു.
പട്ടിത്താനം-മണർകാട് ബൈപാസിൽ
ഓടയും നടപ്പാതയും
പട്ടിത്താനം മണർകാട് ബൈപാസിൽ പട്ടിത്താനം മുതൽ പാറകണ്ടം വരെയും പാറകണ്ടം മുതൽ പൂവത്തുംമൂട് വരെയും ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ പാറകണ്ടം ജംഗ്ഷൻ വരെയും നടപ്പാതയും അരികു ചാലും നിർമിക്കാനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 550 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു. 420 ലക്ഷം രൂപയുടെ ഭാഗിക സാങ്കേതികാനുമതി ലഭ്യമാക്കി നിർമാണം പുരോഗമിക്കുകയാണ്. 99.84 ലക്ഷം രൂപ ചെലവിൽ 12 സോളാർ ബ്ലിങ്കറുകളും പട്ടിത്താനം മുതൽ പാറകണ്ടം വരെ റോഡിനു ഇരുവശവും 100 സോളാർ ലൈറ്റുകളും സ്ഥാപിച്ചു.
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ:
മണ്ണുപരിശോധന പൂർത്തീകരിച്ചു
ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മണ്ണുപരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് ലഭ്യമായതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആർ.ഐ.ക്യൂ.സി.എൽ. മുഖേനയാണ് മണ്ണു പരിശോധന നടന്നത്. ഒന്നാംഘട്ട നിർമാണത്തിനായി 15 കോടി രൂപലാണ് അനുവദിച്ചത്. ഏറ്റുമാനൂർ വില്ലേജിലെ 70 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. അഞ്ചു നിലകളിലായി 41010.5 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ 15 സർക്കാർ ഓഫീസുകളാണ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിട രൂപകൽപനയ്ക്ക് (സ്ട്രക്ച്ചറൽ ഡിസൈൻ) അംഗീകാരം ലഭിച്ചാലുടൻ ടെണ്ടർ നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, ഡയറി എക്‌സ്റ്റൻഷൻ, പൊതുമരാമത്ത് കെട്ടിടം എ.ഇ., ഭക്ഷ്യസുരക്ഷ ഓഫീസ്, എ.പി.പി., ഐ.സി.ഡി.എസ്., കൃഷി എ.ഡി., പൊതുമരാമത്ത് നിരത്ത് വിഭാഗം എ.ഇ., കൃഷി ഭവൻ, മോട്ടോർ വാഹന വകുപ്പ്, ആർ.ടി.ഒ., ഡെപ്യൂട്ടി ലേബർ കമ്മീഷണർ, അസിസ്റ്റന്റ് ലേബർ ഓഫീസർ, ജി.എസ്.ടി. വകുപ്പുകളുടെ ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.