അയ്യപ്പഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പു വരുത്തും: മന്ത്രി വി.എൻ. വാസവൻ

ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മണ്ഡലകാല ഒരുക്കങ്ങളുടെ അന്തിമഅവലോകനം നടക്കുമെന്നും മന്ത്രി

Nov 1, 2024
അയ്യപ്പഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പു വരുത്തും: മന്ത്രി വി.എൻ. വാസവൻ
v n vasavan minister

കോട്ടയം: ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അയ്യപ്പഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പുവരുത്തുമെന്നും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കടപ്പാട്ടൂർ ഇടത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കടപ്പാട്ടൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മണ്ഡലകാല ഒരുക്കങ്ങളുടെ അന്തിമഅവലോകനം നടക്കുമെന്നും മന്ത്രി അറിയിച്ചു.
അൻപതിലധികം പോലീസുകാരെയും സ്പെഷ്യൽ ഓഫീസർമാരെയും കടപ്പാട്ടൂരിൽ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് അറിയിച്ചു. റോഡിലെ അപകടമേഖലകൾ കണ്ടെത്തി കൂടുതൽ പോലീസുകാരെ നിയോഗിക്കും. പോലീസിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം നടത്തും.
 ലഹരിക്കെതിരേയുള്ള പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി കടപ്പാട്ടൂരിലും പരിസരപ്രദേശങ്ങളിലും  എക്സൈസ് വകുപ്പ് രണ്ട് പട്രോളിങ് യൂണിറ്റുകളെ നിയോഗിക്കും. കടകളിലുൾപ്പെടെ വ്യാപക പരിശോധന നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ക്വാഡും പട്രോളിങ് യൂണിറ്റും മോട്ടോർ വാഹനവകുപ്പ് സജ്ജമാക്കും. തീർഥാടനകാലത്ത് പാലായിൽനിന്ന് പമ്പയിലേക്ക് നാലു ബസുകൾ കെ.എസ്.ആർ.ടി.സി. ഓടിക്കും. കൂടുതൽ തീർഥാടകരുണ്ടെങ്കിൽ ബജറ്റ് ടൂറിസം പദ്ധതിയിലുൾപ്പെടുത്തി സ്്പെഷ്യൽ സർവീസും നടത്തും.
തീർഥാടനപാതയിലെ കുഴികൾ അടയ്്ക്കുന്നതുൾപ്പെടെയുള്ള ജോലികൾ  പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കുകയാണ്. വഴിയോരത്തെ കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കും. ദിശാ സൂചികാ ബോർഡുകൾ വൃത്തിയാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കച്ചവടക്കാർക്കായി ബോധവത്കരണ ക്ലാസുകളും പരിശോധനകളും നടത്തും.  ആരോഗ്യവകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രാഥമികചികിത്സാകേന്ദ്രവും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും.
 കുളിക്കടവിലിറങ്ങുമ്പോഴുള്ള അപകടമൊഴിവാക്കാൻ അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്‌കൂബാ ടീമിനെ ഏർപ്പെടുത്തും. അപകടസൂചന നൽകുന്ന വിവിധ ഭാഷകളിലുള്ള ബോർഡുകളും സ്ഥാപിക്കും. പൊൻകുന്നം- തൊടുപുഴ റോഡിൽ വഴിവിളക്കുകൾ തെളിയിക്കുന്നതിന് അടിയന്തരനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദ്, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, മുത്തോലി ഗ്രാമപഞ്ചായത്തംഗങ്ങളായ രാജൻ മുണ്ടമറ്റം, പുഷ്പാ ചന്ദ്രൻ, പാലാ ആർ.ഡി.ഒയുടെ ചുമതല വഹിക്കുന്ന എം. അമൽ  മഹേശ്വർ, മീനച്ചിൽ തഹസിൽദാർ ലിറ്റിമോൾ തോമസ്, പാലാ ഡിവൈ.എസ്.പി. കെ. സദൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടിപ്സൺ തോമസ്, കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ:
ശബരിമല തീർഥാടനത്തിനു മുന്നോടിയായി കടപ്പാട്ടൂർ ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന യോഗം ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മാണിസി. കാപ്പൻ എം.എൽ.എ. സമീപം. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.