കേരളം കൈവരിച്ചത് വിപ്ലവകരമായ നേട്ടങ്ങൾ: വി.എൻ. വാസവൻ

മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം

Nov 1, 2024
കേരളം കൈവരിച്ചത് വിപ്ലവകരമായ നേട്ടങ്ങൾ: വി.എൻ. വാസവൻ
v n vasavan minister

കോട്ടയം: പല രംഗത്തും ആഗോളതലത്തിൽ തന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ഇ.എം.എസ്. സർക്കാർ തുടക്കമിട്ട വിപ്ലവകരമായ മാറ്റങ്ങളാണെന്ന് സഹകരണ-തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തുമെല്ലാം മാതൃകയായി ഇന്ന് കേരളം മാറി. നിതി ആയോഗിന്റെ വിലയിരുത്തലിൽ ഏഴ് കാര്യങ്ങളിൽ കേരളം മുന്നിലാണ്. അതിദാരിദ്ര്യ നിർമാർജ്ജനത്തിൽ 2025 നവംബർ 25 ആകുമ്പോഴേക്ക് ദേശീയതലത്തിൽ കേരളം ഒന്നാമതെത്തും. വികസന രംഗത്ത് വിസ്മയങ്ങൾ തീർക്കാൻ നമുക്ക് കഴിഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ, ഹൈവേ വികസനം എന്നിവ അസാധ്യമെന്ന് പറഞ്ഞ് പലരും തള്ളിക്കളഞ്ഞവയാണ്. മെട്രോ റെയിൽ, വാട്ടർ മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ നമ്മുടെ ഇച്ഛാശക്തിയുടെ തെളിവുകളാണ്. ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിലേക്ക് കേരളത്തിലെ സർവകലാശാലകൾ വളർന്നുവെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കളക്‌ട്രേറ്റിന്റെ പൂമുഖത്ത് സ്ഥാപിച്ച ബോർഡിൽ 'എന്റെ വാക്ക്' എഴുതി മന്ത്രി വി.എൻ. വാസവൻ പരിപാടിക്കു തുടക്കം കുറിച്ചു.  
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
  ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്്, നഗരസഭാംഗം റീബ വർക്കി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ. ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ആർടിഒ : കെ. അജിത്കുമാർ, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വാരാഘോഷത്തോടനുബന്ധിച്ചു നവംബർ ഒന്നിന് സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓഫീസ് തലവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളും അധ്യാപകരും മലയാളഭാഷാ പ്രതിജ്ഞയെടുത്തു.


രചനാ മത്സരങ്ങൾ ഇന്ന്


വാരാഘോഷത്തിന്റെ ഭാഗമായി വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ  നവംബർ രണ്ടിന് (ശനി) രാവിലെ 11 മണിക്ക് കഥാരചന, ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കവിതാരചനാ മത്സരങ്ങൾ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ജീവനക്കാർ കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നിശ്ചിത സമയത്തിനു മുമ്പേ എത്തി രജിസ്റ്റർ ചെയ്യണം.


ലോകത്ത് തന്നെ അപൂർവമായ അക്ഷരങ്ങളുള്ള ഭാഷയാണ് മലയാളം: കവി കുരീപ്പുഴ ശ്രീകുമാർ

കോട്ടയം: 'വാഴക്കുല' പോലെയുള്ള കവിത എഴുതാനുള്ള സാഹചര്യത്തിൽ നിന്ന് കേരളീയ സമൂഹത്തെ മാറ്റിയെടുത്തത് ഭൂപരിഷ്‌കരണ നിയമമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുരീപ്പുഴ ശ്രീകുമാർ. ആളുകൾ ചോദിക്കുന്നതിന് അതേഭാഷയിൽ തന്നെ മറുപടി പറയാൻ സാധിക്കുന്ന തരത്തിൽ സർക്കാർ ഓഫീസുകളിലെ ഭാഷ മാറണം. ലോകത്ത് തന്നെ അപൂർവമായ അക്ഷരങ്ങളുള്ള ഭാഷയാണ് മലയാളം. 'ഴ' എന്ന അക്ഷരം ഉപയോഗിക്കുന്ന ലോകത്തെ അപൂർവം ഭാഷകളിലൊന്നാണ് മലയാളം. എല്ലാ രംഗങ്ങളിലും മികച്ച പ്രതിഭകളുള്ള നാടാണ് നമ്മുടേത്. മലയാളി എന്നുള്ളതിൽ എപ്പോഴും അഭിമാനം തോന്നണമെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.

ഫോട്ടോക്യാപ്ഷൻ:

മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കവി കുരീപ്പുഴ ശ്രീകുമാർ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ ഡി. രഞ്ജിത്ത്്, നഗരസഭാംഗം റീബ വർക്കി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ മെഡിക്കൽ ഓഫീസർ. ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ,സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, എന്നിവർ സമീപം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.