നെഹ്റു യുവ കേന്ദ്ര സംഘാതന്റെ പട്ടിക വർഗ യുവജന സാംസ്കാരിക വിനിമയ പരിപാടി പുരോഗമിക്കുന്നു
ഗോത്ര കലാ മത്സരങ്ങൾ സംഘടിപ്പിച്ചു

തിരുവനന്തപുരം : 2025 ഫെബ്രുവരി 07
നെഹ്റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന പട്ടിക വർഗ യുവജന സാംസ്കാരിക വിനിമയ പരിപാടി അഞ്ചാം ദിവസത്തിലേക്ക് കടന്നു. സംസ്കാരിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗോത്ര കലാ മത്സരങ്ങളിൽ വിജയികളായവർക്ക് പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. പരമ്പരാഗത കലകൾ പരിപോഷിപ്പിക്കുവാനും പുതിയ തലമുറയ്ക്കു കൂടി അനുഭവവേദ്യമാക്കുവാനും നമുക്ക് ഉത്തരവാദിത്തമുണ്ടെന്നു മന്ത്രി ചടങ്ങിൽ സംസാരിക്കവേ അഭിപ്രായപ്പെട്ടു.
പരമ്പരാഗത കലകൾ മിക്കവാറും ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടതാണെന്നും, പ്രത്യേകിച്ച് കൃഷിയും ജീവജാലങ്ങളുമായിരിക്കും ഈ കലകളുടെ പ്രമേയങ്ങളെന്നും കേരളത്തിൽ ഗോത്രകലകൾ സംരക്ഷിക്കാൻ പട്ടികവർഗ വകുപ്പ് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫിസർമാരായ സന്ദീപ് കൃഷ്ണൻ പി, സച്ചിൻ, ഉണ്ണികൃഷ്ണൻ ഡി., ബിൻസി സി. എന്നിവർ സംസാരിച്ചു.
ഗോത്ര കലാ മത്സരങ്ങളിൽ ഒഡീഷയിലെ കണ്ഡമാൽ ജില്ല, കലഹണ്ടി ജില്ല എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മഹാരാഷ്ട്രയിലെ ഗഡ്ച്റോളി ജില്ല മൂന്നാം സ്ഥാനവും ചത്തീസ്ഗഡിലെ നാരായൺപൂർ ജില്ല നാലാം സ്ഥാനവും നേടി. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയ്ക്കാണ് അഞ്ചാം സ്ഥാനം.
പരിപാടിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘാംഗങ്ങൾ നിയമസഭാ സന്ദർശിച്ച് ബഡ്ജറ്റ് അവതരണം വീക്ഷിച്ചു. പദ്‌മനാഭസ്വാമി ക്ഷേത്രം, വിക്രം സാരാഭായി സ്പേസ് സെന്റർ, കാര്യവട്ടം സായി റീജിയണൽ സെന്റർ, വിഴിഞ്ഞം തുറമുഖം, ലുലുമാൾ, മൃഗശാല, മ്യൂസിയം എന്നിവയും സംഘം സന്ദർശിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ രജിസ്‌ട്രേഡ് കലാരൂപമായ ചരടുപിന്നിക്കളി സംഘാംഗങ്ങൾക്കായി ഗുരുകൃപ നാടൻ കലാസമിതി ചുള്ളിമാനൂർ അവതരിപ്പിച്ചു. ഇന്ന് കെ എ ഷാജി, ഡോ. ഗോപകുമാർ എന്നിവരുടെ ക്ലാസ്സുകളും ഉണ്ടായിരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ - കായിക മന്ത്രാലയം, മേരാ യുവ ഭാരത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന പട്ടിക വർഗ യുവജന സാംസ്കാരിക വിനിമയ പരിപാടി ഫെബ്രുവരി 9 വരെ തിരുവനന്തപുരം കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ് സെൻ്ററിൽ തുടരും.