സഹകരണ ബാങ്കുകൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ
സേവനച്ചെലവ് ബാങ്കുകൾ വഹിക്കേണ്ടിവരും
പാലക്കാട്: കേരളത്തിലെ സഹകരണബാങ്കുകളിൽ നടപ്പാക്കുന്ന ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനത്തിന് സേവനച്ചെലവായി 143 കോടിരൂപ ബാങ്കുകൾ പങ്കിട്ട് നൽകേണ്ടിവരും. 206 കോടിരൂപ ചെലവുവരുന്ന പദ്ധതിയിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിനുള്ള 63 കോടിരൂപ സംസ്ഥാനസർക്കാർ നൽകും.കരാറടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് സേവനച്ചെലവായി ഓരോ ബാങ്ക് ശാഖയും പ്രതിമാസം 4,500 രൂപയോളം നൽകേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ല. വിവിധ സഹകരണ ബാങ്കുകളുടേതായി 4,415 ശാഖകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.പദ്ധതി നടപ്പാക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്.) സമർപ്പിച്ച ദർഘാസ് അംഗീകരിച്ചുകൊണ്ട് ഏപ്രിലിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ആറുവർഷത്തെ കരാർ അംഗീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവിൽ ഒരോമാസവും 143 കോടി രൂപവീതം സംഘങ്ങൾ പങ്കിട്ട് നൽകണമോയെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, സഹകരണബാങ്കിന്റെ ഒരുശാഖയെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി പ്രതിമാസം വരുന്ന ചെലവ് വഹിക്കാനാണ് ഇപ്പോൾ വകുപ്പ് ആലോചിക്കുന്നത്.രാജ്യത്താകെയുള്ള കാർഷികവായ്പാ സഹകരണസംഘങ്ങളെ പൊതു സോഫ്റ്റ്‌വെയറിൽ കൊണ്ടുവരാനുള്ള പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമാകാതെ സ്വന്തംനിലയ്‌ക്ക് പദ്ധതി നടപ്പാക്കുകയാണ് കേരളം. രാജ്യത്തെ സഹകരണബാങ്കുകളിലെ ആകെ നിക്ഷേപത്തിന്റെ മൂന്നിലൊന്ന് കേരളത്തിലാണെന്നാണ് ഏകദേശ കണക്ക്. ഇതിൽ കേന്ദ്രനിയന്ത്രണം വരുന്നതിലെ എതിർപ്പാണ് കേരളം തനത് സംവിധാനം കൊണ്ടുവരുന്നതിനുള്ള ഒരു കാരണം.