വെന്റിലേറ്ററിൽ തുടരണം, ഉമ തോമസിന്റെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടു
നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: ഇന്നലെ നടന്ന നൃത്തപരിപാടിക്കിടെ അപകടത്തിൽപ്പെട്ട ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണ് പരിക്കേറ്റ എംഎൽഎയുടെ നില അതീവ ഗുരുതരമായിരുന്നു. സംഘാടകരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹൈബി ഈഡൻ എംപിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിലവിൽ ഉമ തോമസിന് സിടി സ്‌കാൻ ചെയ്യുകയാണ്. അതിന്റെ ഫലം വന്നശേഷം ചികിത്സയിൽ മാറ്റം വരുത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നുതന്നെയാണ് അവരും പറയുന്നത്. ഇപ്പോൾ നില മെച്ചപ്പെട്ട് വരുന്നുണ്ട്. സ്‌കാനിംഗിന് ശേഷം ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഡോക്‌ടർമാർ അറിയിക്കും.
ശ്വാസകോശം സംബന്ധിച്ചുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. കുറച്ച് സമയമെടുക്കുമെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള ചികിത്സയാണ് നൽകുന്നത്. നിലവിൽ വെന്റിലേറ്ററിലാണ്. കുറച്ച് സമയം കൂടെ ഇത് തുടരേണ്ടിവരും.
സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടത്തേണ്ടതുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. സംഘാടകർക്ക് വീഴ്‌ചയുണ്ടായെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഗിന്നസ് റെക്കാർഡ് നൽകാമെന്ന് പറഞ്ഞ് നർത്തകിമാരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന പരാതി ഉയരുന്നുണ്ട്. അവർക്കും പൊലീസിൽ പരാതി നൽകാം