ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
 
                                    കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നിരവധി ശ്രദ്ധേയമായ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. 10 ൽ ഏറെ ചലചിത്രങ്ങൾക്ക് തിരക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. 200 സിനിമകളിലായി 700 ഗാനങ്ങളോളം അദ്ദേഹത്തിന്റേതായിട്ടുണ്ട്. ബാഹുബലി അടക്കം മൊഴിമാറ്റചിത്രങ്ങളിലെ സംഭാഷണവു തിരക്കഥയും എഴുതി. 
കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. വിമോചനസമരമാണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമ ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. 
എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 
ഹരിഹരന് എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന് എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. ശ്രീകോവില്‍ ചുമരുകള്‍ ഇടിഞ്ഞുവീണു (കേണലും കളക്ടറും), രാജസൂയം കഴിഞ്ഞു എന്റെ രാജയോഗം തെളിഞ്ഞു, കണ്ണാംപൊത്തിയിലേലേ (അമ്മിണി അമ്മാവന്), കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ (മിസ്സി), പാലാഴിമങ്കയെ പരിണയിച്ചു, വര്‍ണ്ണചിറകുള്ള വനദേവതേ (സഖാക്കളേ മുന്നോട്ട്) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങൾ.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            