ഉല്ലാസ് പദ്ധതി: സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷന്‍ , തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഉല്ലാസ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പദ്ധതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തിലും വായനയിലും നൂറുശതമാനം സാക്ഷരത നേടുന്നതുപോലെ തന്നെ ഡിജിറ്റല്‍ സാക്ഷരത നേടേണ്ടതും അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ അവശേഷിക്കുന്ന നിരക്ഷരരെക്കൂടി കണ്ടെത്തി സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2023-24 ല്‍ ആദ്യഘട്ടത്തില്‍ ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കി. രണ്ടാംഘട്ടത്തില്‍ 20 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കും. പിന്നീട് ബാക്കി ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.
ജില്ലാ പഞ്ചായത്ത് സംഘാടകസമിതി രൂപീകരണശേഷം പഞ്ചായത്തുതല സംഘാടകസമിതികള്‍ രൂപീകരിക്കും. തുടര്‍ന്ന് റിസോഴ്സ് പേഴ്സണ്‍മാരെ കണ്ടെത്തി പദ്ധതി ഗ്രാമപഞ്ചായത്ത് തലംവഴി നടപ്പാക്കുകയാണ് ചെയ്യുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ ചെയര്‍പേഴ്സണായും വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി എന്നിവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ചീഫ് കോ- ഓര്‍ഡിനേറ്റര്‍ ആയിരിക്കും.
സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ആര്‍. പ്രസാദ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പ്രേരകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍:
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഉല്ലാസ് പദ്ധതി സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്യുന്നു