അയ്യപ്പദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്

തിരുവനന്തപുരം: അയ്യപ്പദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്. മേയില്‍ ഇടവമാസ പൂജയ്‌ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചന. ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തിന് രാഷ്‌ട്രപതി ഭവന്‍, തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം.
രാഷ്‌ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവമാസ പൂജയ്‌ക്കിടെ മേയ് 17-നോട് അടുത്ത് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ നിര്‍ദേശം.ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളിലെ ദര്‍ശനത്തിന്റെ ഭാഗമായാണ് രാഷ്‌ട്രപതി ശബരിമലയില്‍ എത്തുന്നത് എന്നാണ് സൂചന.
മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പോലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. സുരക്ഷാ- താമസ സൗകര്യങ്ങളാണ് പോലീസ് പരിശോധിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്. പമ്പയില്‍നിന്ന് സന്നിധാനംവരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്‌ട്രപതിയുടെ നഴ്‌സിങ് സൂപ്രണ്ട് തേടിയിരുന്നു.