മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചു.

മുണ്ടക്കയം : മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എസ് എസ് കെ മുഖാന്തരം 21 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ട് നവീന തൊഴിൽ സാധ്യത കോഴ്സുകൾ വൊക്കേഷൻ ഹയർസെക്കൻഡറിയുടെ ഭാഗമായി തുടങ്ങും.
പദ്ധതിയുടെ ഭാഗമായി ഗ്രാഫിക് ഡിസൈനിങ് , ആനിമേഷൻ എന്നീ രണ്ട് കോഴ്സുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ നിന്നും കോഴ്സ് ഒന്നിന് 5 ലക്ഷം രൂപ പ്രകാരം കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും, 75,000 രൂപ ആവശ്യമായ ഫർണിഷിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് നൽകുക. ഇതുകൂടാതെ പദ്ധതി കോഡിനേറ്റർ, പരിശീലനം നൽകുന്ന അധ്യാപകർ എന്നിവർക്കുള്ള ശമ്പളം, വിദ്യാർത്ഥികൾക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നീ ചിലവുകൾ ഉൾപ്പെടെയാണ് 21 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. പുതിയ തലമുറയ്ക്ക് ഈ കാലഘട്ടത്തിലെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള കോഴ്സുകൾ പഠിക്കാൻ അവസരം ഒരുക്കിയാൽ മാത്രമേ തൊഴിൽ ലഭ്യതയ്ക്ക് സാധ്യതയുള്ളൂ എന്നതിനാലാണ് നവീന കോഴ്സുകൾ ആരംഭിക്കാൻ മുൻകൈയെടുത്ത് അനുവദിപ്പിച്ചതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കൂടുതൽ കോഴ്സുകൾ ഭാവിയിൽ അനുവദിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു