തൃശൂര്‍ എംപി സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് മാറിയേക്കും
സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

തൃശൂര്‍: തൃശൂര്‍ എംപി സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് മാറിയേക്കും. സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.തൃശൂരില്‍ മികച്ച വിജയം നേടി ലോക്സഭയില്‍ ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നിട്ടും കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന പരിഗണന നല്കാതിരുന്നതില് അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് സൂചന. ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോള്‍ സിനിമകള്‍ക്ക് കരാറില്‍ ഏര്‍പ്പെട്ട കാര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.എന്നാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും സിനിമാ വിഷയം പരിഗണിക്കാമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതോടെയാണ് സുരേഷ് ഗോപി ഇതിന് തയാറായത്.