കേന്ദ്രമന്ത്രിയായ സൂപ്പർസ്റ്റാറിനൊപ്പം ........അറിയാം സുരേഷ്‌ഗോപി എന്ന മനുഷ്യസ്നേഹിയെ .......

CENTRALMINISTER

കേന്ദ്രമന്ത്രിയായ സൂപ്പർസ്റ്റാറിനൊപ്പം ........അറിയാം സുരേഷ്‌ഗോപി എന്ന മനുഷ്യസ്നേഹിയെ .......

തൃശൂര്‍: സുരേഷ് ഗോപിക്ക് ഇത് ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാമൂഴം. സിനിമയിലും രാഷ്‌ട്രീയത്തിലും ഒരുപോലെ സൂപ്പര്‍സ്റ്റാറായ സുരേഷ് ഗോപിയെ അറിയാം.....മനുഷ്യസ്നേഹിയെ .......

2019 ല്‍ തൃശൂരില്‍ മത്സരിച്ചിരുന്നു. 2016 മുതല്‍ 2022 വരെ രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. രാജ്യസഭാംഗം എന്ന നിലയില്‍ തൃശൂരിന്റെ വികസനത്തിനു വേണ്ടി വലിയ ഇടപെടലുകള്‍ നടത്തി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ തുടര്‍ച്ചയായി നടത്തിയ വികസന-ജനക്ഷേമ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപിയെ ജനപ്രിയനാക്കുന്ന ഘടകങ്ങള്‍.1958 ജൂണ്‍ 26 ന് കൊല്ലത്താണ് സുരേഷ് ഗോപിയുടെ ജനനം. അച്ഛന്‍ കെ.ഗോപിനാഥന്‍ പിള്ള. അമ്മ വി. ജ്ഞാനലക്ഷ്മി. നാലു മക്കളില്‍ മൂത്തയാളാണ് സുരേഷ് ഗോപി. കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കൊല്ലം ഫാത്തിമ മാതാ കോളജില്‍ നിന്ന് ബിഎസ്സി സുവോളജിയും എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചറും പാസായി. അച്ഛന്‍ സിനിമാ വിതരണക്കമ്പനി നടത്തിയിരുന്നു. സിനിമാ മോഹം ചെറുപ്പത്തിലേ സുരേഷിനെ പിടികൂടി.

1965 ല്‍ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം. 90 കളിലാണ് സുരേഷ് ഗോപി മലയാള സിനിമയില്‍ സൂപ്പര്‍സ്റ്റാറായി വളര്‍ന്നത്. ഇരുപതാം നൂറ്റാണ്ടിലെ വില്ലന്‍ ശേഖരന്‍ കുട്ടിയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. കമ്മീഷണറിലെ നായകന്‍ ഭരത് ചന്ദ്രന്‍ ഐപിഎസാണ് സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാറാക്കിയത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായകനായി തിളങ്ങി. 250 ലേറെ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സിനിമ ഇന്നിംഗ്സ് പോലെ തന്നെ ജനപ്രിയമായിരുന്നു രാജ്യസഭാംഗമായുള്ള ഇന്നിംഗ്സും. കലാകാരന്‍ എന്ന നിലയില്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടാണ് രാജ്യസഭയില്‍ എത്തിയതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരേക്കാള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.

പാര്‍ലമെന്റില്‍ 74 ശതമാനമാണ് ഹാജര്‍. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരുടെ ശരാശരി ഹാജര്‍ നില 50 ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴാണ് ഇത്. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടിരുന്നയാളാണ് സുരേഷ് ഗോപി. ഇംഗ്ലീഷും ഹിന്ദിയും അനായാസം വഴങ്ങുമെന്നതു കൊണ്ട് സംസ്ഥാനത്തിന്റെ പല പ്രശ്നങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനായി.

കൊവിഡ് കാലത്ത് എംപി എന്ന നിലയില്‍ ഒട്ടേറെപ്പേര്‍ക്ക് കരുതലും ആശ്വാസവുമായിരുന്നു അദ്ദേഹം. രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരില്‍ ഒരാളാണ്. വിദ്യാഭ്യാസം, ആരോഗ്യം, വികസന പദ്ധതികള്‍ തുടങ്ങിയ മേഖലകളിലായിരുന്നു കൂടുതല്‍ ഇടപെടലുകള്‍. പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് പ്രശ്നം, കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ ഭാവി സംബന്ധിച്ച പ്രശ്നം, കൊവിഡ് വാക്സിന്‍ വിതരണം, പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുകൂല്യം ലഭ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം രാജ്യസഭയില്‍ ഉയര്‍ത്തി. 2019 ല്‍ പരാജയപ്പെട്ടിട്ടും തൃശൂരിന്റെ വികസനത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തി. ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് ഒരു കോടി രൂപ നല്കി. തൃശൂര്‍ നഗരത്തിന് അമൃത്പദ്ധതിയില്‍ 400 കോടിയോളം കേന്ദ്രം അനുവദിച്ചതിന്റെ പിന്നില്‍ സുരേഷ് ഗോപിയുടെ ഇടപെടലുകളുണ്ട്. പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരത്തിന് 350 കോടിയിലേറെ ലഭ്യമാക്കി.തൃശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനുകള്‍ക്ക് വേണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ പലവട്ടം സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിന് ഓക്സിജന്‍ നിര്‍മ്മാണ യൂണിറ്റ് നല്കി. കൊവിഡ് കാലത്ത് ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതില്‍ നി

ര്‍ണായക ഇടപെടല്‍ നടത്തി. കരുവന്നൂരില്‍ പണം നഷ്ടമായി ദുരിതത്തിലായ പലര്‍ക്കും സാന്ത്വനമായി. മരുന്നിനും ചികിത്സക്കും സഹായമെത്തിച്ചു. ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിന് സഹായമെത്തിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തൃശൂര്‍ നെട്ടിശേരിയിലെ വീട്ടില്‍ മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും എത്തി ജനങ്ങളെ കാണും. കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ഒട്ടേറെ പേരാണ് ദിവസവും സുരേഷ് ഗോപിയെ തേടി സഹായത്തിനായി എത്തുന്നത്.

കോളജ് വിദ്യാഭ്യാസ കാലത്ത് സജീവ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി. പിന്നീട് സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് മാറിയെങ്കിലും 2006 ല്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. അച്യുതാനന്ദനോടുള്ള വ്യക്തിപരമായ അടുപ്പവും താല്പര്യവുമാണ് മലമ്പുഴയില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത്. നേരത്തെ ലീഡര്‍ കെ.കരുണാകരന് വേണ്ടിയും ഇതേ കാരണത്താല്‍ സുരേഷ് ഗോപി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. രാഷ്‌ട്രീയത്തിന് അതീതമായി ബന്ധങ്ങള്‍ ഉള്ളയാളാണ് സുരേഷ് ഗോപി. ആദ്യകാല നടി ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടി രാധികയാണ് സുരേഷ് ഗോപിയുടെ ഭാര്യ. കുടുംബം തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണ് താമസം. അഞ്ച് മക്കള്‍. ഗോകുല്‍, ഭാഗ്യ, ലക്ഷ്മി, മാധവ്, ഭാവ്നി. ലക്ഷ്മി ഒന്നരവയസ്സുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു.

ലക്ഷ്മിയുടെ ഓര്‍മക്കായി ആരംഭിച്ച ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയും ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപി ചെയ്യുന്നുണ്ട്. ഓരോ സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് നല്കുന്നു. അവശരായ കലാകാരന്മാരുടെ ക്ഷേമത്തിനായാണിത്.

മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡും നേടിയിട്ടുള്ള സുരേഷ് ഗോപി രാഷ്‌ട്രീയത്തിലും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയനാണ്. സജീവ രാഷ്‌ട്രീയക്കാരന്‍ ആകുന്നതിന് മുന്‍പ് മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയനാണ് സുരേഷ് ഗോപി. എയ്ഡ്സ് ബാധിച്ച് മാതാപിതാക്കള്‍ മരണമടഞ്ഞ സഹോദരനേയും സഹോദരിയേയും സ്‌കൂളില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ അവര്‍ക്ക് വേണ്ടി സുരേഷ് ഗോപി ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നാട് ഒന്നടങ്കം ആ കുട്ടികള്‍ക്ക് പിന്തുണയുമായെത്തി. ഇത്തരം നിരവധി ഇടപെടലുകള്‍ സജീവ രാഷ്‌ട്രീയത്തില്‍ വരുന്നതിന് മുന്‍പ് മുതല്‍ സുരേഷ് ഗോപിയെ ശ്രദ്ധേയനാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാള്‍ കൂടിയാണ് സുരേഷ് ഗോപി.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.