തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായുള്ള ത്രിദിന ചലച്ചിത്ര ശില്‍പ്പശാലയ്ക്ക് തുടക്കമായി
മാര്‍ച്ച് 15 വരെ കൊട്ടാരക്കരയിലെ കില ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പങ്കെടുത്തു

കൊല്ലം :സംസ്ഥാന ചലച്ചിത്ര അക്കാദമി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി കിലയുടെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) സഹകരണത്തോടെ നടത്തുന്ന ത്രിദിന ചലച്ചിത്രശില്‍പ്പശാലയ്ക്ക് തുടക്കമായി. മാര്‍ച്ച് 15 വരെ കൊട്ടാരക്കരയിലെ കില ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പങ്കെടുത്തു.
ശില്‍പ്പശാലയുടെ ഭാഗമായി ജനാധിപത്യമൂല്യങ്ങള്‍, ലിംഗസമത്വം, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂന്നിയ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശനവും സംവാദവും നടന്നു.
സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഷെറി ഗോവിന്ദന്‍ ആണ് ക്യാമ്പ് ഡയറക്ടര്‍. മുഹ്സിന്‍ മഖ്മല്‍ ബഫിന്റെ 'ദ പ്രസിഡന്റ്', കിം കി ദുക്കിന്റെ 'ദ നെറ്റ്', ചൈതന്യ തംഹാനെയുടെ 'കോര്‍ട്ട്', കെന്‍ ലോച്ചിന്റെ 'ഐ ഡാനിയേല്‍ ബ്ളേക്ക്', ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതല്‍ 44 വരെ' എന്നീ ഫീച്ചര്‍ സിനിമകളും കുടിവെള്ളപ്രശ്നം, മാലിന്യനിര്‍മ്മാര്‍ജനം, നഗരാസൂത്രണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. 15ന് വൈകിട്ട് നടക്കുന്ന സര്‍ട്ടിഫിക്കറ്റ് വിതരണം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ നിര്‍വഹിക്കും. പരിപാടിയില്‍ ഷെറി ഗോവിന്ദന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രധിനിധികള്‍ സംസാരിച്ചു.