മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു
കണ്ണൂർ: കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ നിർദേശം നൽകിയിട്ടുണ്ട്.കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽനിന്ന് തന്നെയാണോ കുട്ടിക്ക് അസുഖം ബാധിച്ചത് എന്നറിയാൻ വെള്ളച്ചാട്ടത്തിലെയും വീട്ടിലെയും വെള്ളത്തിന്റെ സാമ്പ്ൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സാമ്പിൾ പൂനെയിലെ ലാബിലേക്കും അയച്ചിട്ടുണ്ട്. വിശദ പരിശോധന റിസൾട്ട് വരുന്നതു വരെ താൽകാലികമായാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിർത്തി വെച്ചത്.