കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 'പെയിൻ ആൻഡ് പാലിയേറ്റീവ്', 'ആയുർ പാലിയം' എന്നീ പദ്ധതികളിലൂടെ സാന്ത്വന പരിചരണം
അപകടം, പക്ഷാഘാതം തുടങ്ങി വിവിധ കാരണങ്ങളാൽ കിടപ്പിലായവരെ വീട്ടിലെത്തി പരിചരിക്കുക, അവർക്ക് ആവശ്യമായ മരുന്നുകൾ, സഹായ ഉപകരണങ്ങൾ നൽകുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്.
കൊല്ലം: സാന്ത്വന പരിചരണത്തിലൂടെ നിരവധിപ്പേരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തി ജില്ലാ ആയുർവേദ ആശുപത്രി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 'പെയിൻ ആൻഡ് പാലിയേറ്റീവ്', 'ആയുർ പാലിയം' എന്നീ പദ്ധതികളിലൂടെയാണ് സാന്ത്വന പരിചരണം.2018ലാണ് പെയിൻ 'ആൻഡ് പാലിയേറ്റീവ്' ജില്ലാ ആയുർവേദ ആശുപത്രിയിൽ തുടങ്ങിയത്. അപകടം, പക്ഷാഘാതം തുടങ്ങി വിവിധ കാരണങ്ങളാൽ കിടപ്പിലായവരെ വീട്ടിലെത്തി പരിചരിക്കുക, അവർക്ക് ആവശ്യമായ മരുന്നുകൾ, സഹായ ഉപകരണങ്ങൾ നൽകുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്.ആദ്യം ജില്ല മുഴുവനായി നടത്തിയിരുന്ന പദ്ധതി ഇന്ന് മുഖത്തല ബ്ലോക്ക് മാത്രം കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. ആയുർ പാലിയം തുടങ്ങിയതോടെയാണ് 'പെയിൻ ആൻഡ് പാലിയേറ്റീവ്' മുഖത്തലയിലേക്ക് പ്രവർത്തനം കേന്ദ്രീകരിച്ചത്.ഡോക്ടർ, നഴ്സ്, അറ്റൻഡർ എന്നിവരടങ്ങുന്ന സംഘം കിടപ്പുരോഗികളെ അവരുടെ വീടുകളിലെത്തിയാണ് ചികിത്സിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയുമാണ് 'പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ' ഒ.പി സമയം. ഒരു ഒ.പിയിൽ 70 വരെ കേസുകൾ എത്താറുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനോടകം ആയിരത്തിലേറെപ്പേരെയാണ് ജീവിത്തിലേക്ക് തിരികെ എത്തിച്ചത്.അപകടത്തിൽ കിടപ്പിലായ ചെമ്പനരുവി എസ്.എഫ്.സി.കെ കോളനിയിലെ മുനീറിനെ അഞ്ചുമാസത്തെ പരിചരണത്തിലൂടെ നടക്കാൻ പ്രാപ്തനാക്കിയതടക്കം നിരവധി നേട്ടങ്ങളുമുണ്ട്.2023 നവംബർ മുതൽ ഡോ. സെയ്ദ് ഷിറാസാണ് പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. കൊല്ലം സി.എം.ഒ തലത്തിലാണ് പെയിൻ ആൻഡ് പാലിയേറ്റീവ് പ്രോജക്ട് നടന്നുവരുന്നത്. 15 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.