കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ എ.ഐ.യുടെ സഹായത്തോടെ തുരത്താനൊരുങ്ങുകയാണ് വിദ്യാര്‍ഥികളായ ശിവാനി ശിവകുമാറും എ. ജയസൂര്യയും
ഫോര്‍ ഫാര്‍മേഴ്സ്-അതാണ് എറണാകുളം കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ പത്തില്‍ പഠിക്കുന്ന ഇവരൊരുക്കിയ സംവിധാനത്തിന്റെ പേര്.
എറണാകുളം :കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ എ.ഐ.യുടെ സഹായത്തോടെ തുരത്താനൊരുങ്ങുകയാണ് വിദ്യാര്‍ഥികളായ ശിവാനി ശിവകുമാറും എ. ജയസൂര്യയും. എസ്.എ.എസ്. ഫോര്‍ എഫ് അഥവാ സ്മാര്‍ട്ട് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫാര്‍മേഴ്സ്-അതാണ് എറണാകുളം കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ പത്തില്‍ പഠിക്കുന്ന ഇവരൊരുക്കിയ സംവിധാനത്തിന്റെ പേര്.പടക്കത്തിനു പകരം അള്‍ട്രാ ശബ്ദതരംഗങ്ങളും തീക്ക് പകരം സ്ട്രോബ് ലൈറ്റുകളും ഉപയോഗിച്ചാണ് വന്യമൃഗങ്ങളെ പേടിപ്പിക്കുന്നത്. ഇഞ്ചി, വിനാഗിരി, വെളുത്തുള്ളി, മുട്ടത്തോട് എന്നിവകൊണ്ടുള്ള ഓര്‍ഗാനിക് റിപ്പല്ലന്റും ഇവരുടെ 'ആയുധപ്പുര'യിലുണ്ട്. ഇത് സ്പ്രിങ്ഗ്‌ളര്‍ വഴി കൃഷിസ്ഥലത്തെ അന്തരീക്ഷത്തില്‍ പടര്‍ത്തി മൃഗങ്ങളെ ഓടിക്കും. എസ്.എം.എസ്., അലാറം എന്നിവ വഴി ഫോണിലുടെ ജാഗ്രതാ നിര്‍ദേശവും കര്‍ഷകര്‍ക്ക് ലഭിക്കും.മനുഷ്യസഹായമില്ലാത്ത എ.ഐ.ഒ.ടി. വഴി വിവിധ ഉപകരണങ്ങളുപയോഗിച്ചും എസ്.എ.എസ്. ഫോര്‍ എഫ്. പ്രവര്‍ത്തിപ്പിക്കാം. എട്ടില്‍ പഠിക്കുമ്പോള്‍ ജയസൂര്യയുടെ സ്‌കൂള്‍ പ്രോജക്ടായിരുന്നു ഇത്. അന്ന് അള്‍ട്രാ ശബ്ദസംവിധാനം മാത്രമാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് സഹപാഠിയായ ശിവാനികൂടി ചേര്‍ന്ന് ഇത് നവീകരിക്കുകയായിരുന്നു.
ശൂരനാട്ടുകാരിയായ ശിവാനിയുടെ അപ്പൂപ്പനും അമ്മൂമ്മയും കര്‍ഷകരാണ്. അവരുടെ പാടത്ത് കാട്ടുപന്നികള്‍ നാശംവിതച്ച അനുഭവങ്ങള്‍ ഈ സംവിധാനം രൂപപ്പെടുത്താന്‍ പ്രയോജനപ്പെട്ടു.കേരള സര്‍ക്കാരിന്റെ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം, സി.ബി.എസ്.ഇ. ദേശീയ ശാസ്ത്ര എക്സിബിഷന്‍ തുടങ്ങി നിരവധി വേദികളില്‍ പ്രോജക്ട് ശ്രദ്ധിക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന ആഗോള ബാലഗവേഷക സമ്മേളന വേദിയിലും ഇവരെത്തിയിരുന്നു. കൃഷിസ്ഥലങ്ങളില്‍ പദ്ധതി നേരിട്ട് പരീക്ഷിക്കാനുള്ള കാത്തിരിപ്പിലാണ് കുട്ടിഗവേഷകര്‍. ഇതിന് ആരുടെയെങ്കിലും പിന്തുണ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.