മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു ; ജാഗ്രതാ നിർദേശം
മലപ്പുറം : മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്ന് പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ സ്ഥിരീകരിച്ചത്. നിലമ്പൂരിൽ അന്യസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുള്ളത്.
മലമ്പനി
കൊതുകിലൂടെയാണ് മലമ്പനി പകരുന്നത്. രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദജീവികളാണ് മലമ്പനിക്ക് കാരണം. പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാഡിയം ഫൽസിപാദം എന്നിവയാണ് രാജ്യത്തെ മലമ്പനിക്ക് കാരണം.
കൊതുകിന്റെ ഉമിനീർ ഗ്രന്ഥികൾ വഴി മലമ്പനി രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ കടക്കും. തുടർന്ന് കരളിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങൾ പ്രകടമാക്കും. അതിനാൽ കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മഴയുള്ളതിനാൽ മലമ്പനിയുൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.
ശക്തമായ പനിയോടൊപ്പം വിറയൽ, പേശി വേദന, മനംപുരട്ടൽ, ഛർദ്ദി, തൊലിപ്പുറത്തും കണ്ണിലും മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങൾ. രക്ത പരിശോധനയിൽ രോഗം നിർണയിക്കാം. സർക്കാർ ആശുപത്രികളിൽ മലമ്പനി രക്ത പരിശോധനയും ചികിത്സയും സൗജന്യമാണ്.