പൊന്നാനി മുനിസിപ്പാലിറ്റി കൗൺസിലറുടെ കൃത്യമായ ഇടപെടൽ വലിയ ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ചു

മലപ്പുറം : പൊന്നാനി കൗൺസിലറുടെ കൃത്യമായ ഇടപെടൽ വലിയ ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ചു.പൊന്നാനി മുനിസിപ്പാലിറ്റി 49 വാർഡിൽ അരയച്ചന്റകത്ത് ഹനീഫ എന്നയാളുടെ വീടിനു മുകളിലേക്ക് അപകട ഭീഷണിയായി നിൽക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള വലിയ ആൽ മരം മുറിച്ചു മാറ്റുന്നതിന് പലരുമായി ബന്ധപ്പെട്ടു എങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല.ശക്തമായ കാറ്റിലും മഴയിലും മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീഴുന്ന സാഹചര്യം ഉണ്ടായതിനാൽ ചെറിയ കുട്ടികളടങ്ങുന്ന കുടുംബം വലിയ ഭീതിയിലാണ് ഈ വീട്ടിൽ താമസിച്ചു കൊണ്ടിരുന്നത്.സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തർക്കം നിലനിൽക്കുന്നതിനാൽ വലിയ അപകട ഭീഷണി ഉയർത്തിയ മരം മുറിച്ചു മാറ്റാൻ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാൽ കൗൺസിലറുടെ നേതൃത്വത്തിൽ ഇരുകൂട്ടരുമായി ചർച്ച നടത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഉടമയായ സിദ്ദീഖ് മരം മുറിച്ച് മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് മരം മുറിച്ചു മാറ്റുകയും ചെയ്തു . വിഷയത്തിൽ വാർഡ് കൗൺസിലർ അജീന ജബ്ബാർ കൃത്യമായ ഇടപെടൽ നടത്തി വലിയ ഒരു അപകടത്തിൽ നിന്ന് കുടുംബത്തെ രക്ഷിച്ചു.